കൊച്ചി: തൃക്കാക്കര കേന്ദ്രീകരിച്ച് ഐ.ടി പ്രൊഫഷണലുകൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഫ്ളാറ്റിൽ നിന്ന് രണ്ടു യുവതികൾ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 2.5 ഗ്രാം എം.ഡി.എം.എ., എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, ഹാഷിഷ് എന്നിവയും പിടിച്ചെടുത്തു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽക്കുന്ന കൊല്ലം ആയത്തിൽ ആമിന മൻസിലിൽ ജിഹാദ് ബഷീർ (30), കൊല്ലം ഇടവട്ടം വെള്ളിമൺ ശൈവംവീട്ടിൽ അനില രവീന്ദ്രൻ (29), വടക്കൻ പറവൂർ പെരുമ്പടന്ന നെല്ലിശേരിവീട്ടിൽ എർലിൻ ബേബി (25) എന്നിവരും ഇത് ഉപയോഗിക്കാനെത്തിയ വടക്കൻ പറവൂർ പെരുമ്പടന്ന തൈക്കൂട്ടത്തിൽ രമ്യാ വിമൽ (23), മനയ്ക്കപ്പടി കലൂരിവീട്ടിൽ അർജിത് എയ്ഞ്ചൽ (24), ചിറ്റാറ്റുകര മൂലൻവീട്ടിൽ അരുൺ ജോസഫ് (24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ് (24) എന്നിവരുമാണ് അറസ്റ്റിലായത്.
തൃക്കാക്കര മില്ലുംപടിയിലെ വാടക ഫ്ളാറ്റിലാണ് സംഘം മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.