രണ്ടുപേർ കീഴടങ്ങി, കൂടുതൽ പ്രതികളെന്ന് സൂചന
കറുകച്ചാൽ : ഗുണ്ടാക്കുടിപ്പകയെ തുടർന്ന് പട്ടാപ്പകൽ യുവാവിനെ റബർ തോട്ടത്തിലിട്ട് വെട്ടിയ ശേഷം കാൽപ്പാദം അറുത്തെടുത്ത് സമീപത്തെ കവലയിൽ വച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് മരിച്ചത്.
മണിമല സ്റ്റേഷനിൽ കീഴടങ്ങിയ കടനിയിക്കാട് പുതുപ്പറമ്പിൽ ജയേഷ് (30),കുമരകം ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (23) എന്നിവരെ കറുകച്ചാൽ പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കങ്ങഴ ഇടയപ്പാറയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കഞ്ചാവ് മാഫിയാംഗമായ മനേഷും, ജയേഷും തമ്മിൽ ബദ്ധശത്രുക്കളാണ്. ജയേഷിനെ ആറു മാസം മുൻപ് മനേഷ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കാറിലെത്തിയ സംഘം വീടിന് സമീപം റോഡിലെ ബുള്ളറ്റിൽ ഇരിക്കുകയായിരുന്ന മനേഷിന് നേരെ ആയുധങ്ങളുമായി പാഞ്ഞെത്തി. ചെളിക്കുഴിയിലെ റബർത്തോട്ടത്തിലേയ്ക്ക് ഓടിയിറങ്ങിയ മനേഷിനെ പ്രതികൾ തുരുതുരാ വെട്ടുകയായിരുന്നു. നിലത്തു വീണ മനേഷിന്റെ വലത് കാൽപ്പാദം അറുത്തു മാറ്റി. തുടർന്ന് മുഖംമൂടി ധരിച്ച ശേഷം പാദം ഒരു കിലോമീറ്റർ അകലയുള്ള പത്തനാട്- കങ്ങഴ റോഡിൽ ഇടയപ്പാറയിൽ സി.പി.എമ്മിന്റെ കൊടിമരത്തിന് സമീപത്തെ സ്തൂപത്തിന് മുന്നിൽ വച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കറുകച്ചാൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മനേഷിന്റെ മൃതദേഹം തോട്ടത്തിൽ നിന്ന് ലഭിച്ചത്.
ചോര പുരണ്ട വാക്കത്തിയുമായി കീഴടങ്ങൽ
ചോരപുരണ്ട വാക്കത്തിയുമായി ജയേഷും, സച്ചുവും ഓട്ടോറിക്ഷയിലാണ് മണിമല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മനേഷിന്റെ ചെവിയിലും കവിളിലും കാലിലും വെട്ടുകളേറ്റ പാടുകളുണ്ട്. മൃതദേഹത്തിൽ ഷർട്ട് മാത്രമാണുണ്ടായിരുന്നത്. മനേഷിന്റെ മാലയും കൈലിയും പറമ്പിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് മീറ്ററുകൾ അകലെയുള്ള കുഴിയിൽ ചോര തളംകെട്ടി കിടപ്പുണ്ട്. ഇവിടെ ഇട്ട് വെട്ടിയ ശേഷം സംഘം മടങ്ങിയപ്പോൾ പ്രാണവേദനയിൽ മനേഷ് ഇഴഞ്ഞ് മറുവശത്തേയ്ക്ക് എത്തിയതാകാമെന്ന് പൊലീസ് കണക്ക് കൂട്ടുന്നു.
കൂട്ടുപ്രതികൾ കാറിൽ നിന്ന് ഇറക്കിവിട്ടെന്ന്
കൃത്യം ചെയ്തത് ഒറ്റയ്ക്കല്ലെന്നും കാറിൽ പാലക്കാട് സ്വദേശികളായ രണ്ട് പേരുണ്ടെന്നും, ഇവർ പാതി വഴിയിൽ ഇറക്കിവിട്ടിട്ട് കാറുമായി കടന്നെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് പൂർണമായും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.