കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് പ്രവിശ്യയിലെ ഗോസർ - ഇ - സയേദ് അബാദ് മുസ്ലിം പള്ളിയിൽ ഇന്നലെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ 50 ആണെന്നും റിപ്പോർട്ടുകളുണ്ട്. 70ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിയ്ക്കുള്ളിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചെന്നാണ് വിവരം. പ്രാർത്ഥന നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സ്ഫോടനം നടന്നത്. ഷിയാ വിഭാഗക്കാരുടെ പള്ളിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണകാരണവും വ്യക്തമായിട്ടില്ല. എന്നാൽ, ന്യൂനപക്ഷ വിഭാഗമായ ഷിയ മുസ്ലിംങ്ങൾക്ക് നേരെ ഭീകര സംഘടനയായ ഐസിസ് ആക്രമണമഴിച്ചിവിടുന്നത് പതിവായതിനാൽ ഈ സ്ഫോടനത്തിന് പിന്നിലും അവർ തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഭീകരസംഘടനയായ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഇത്രയുമധികം പേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവസ്ഥലം സന്ദർശിച്ച താലിബാൻ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫ്ഗാൻ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്. പൂർണമായും തകർന്ന പള്ളിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം,ഐസിസ് നിരന്തരം രാജ്യത്ത് ബോംബ് സ്ഫോടനങ്ങൾ നടത്തുന്നത് താലിബാന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്ന് താലിബാൻ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലും ബോംബാക്രമണം നടന്നിരുന്നു. സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.