ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ നാലുകോടി രൂപയുടെ തിരിമറി നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ വിജിലൻസ്. സഹകരണസംഘം അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ചതായി
സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറെ വിജിലൻസ് അറിയിച്ചു.
സംഘത്തിൽ തിരിമറി നടന്ന 3,94,69,521 രൂപയുടെ പൂർണ ഉത്തരവാദിത്തം മുൻ ഭരണസമിതിക്കാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സഹകരണ സംഘം പാറശാല യൂണിറ്റ് ഇൻസ്പെക്ടർ നെയ്യാറ്റിൻകര രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തിൽ നിലവിലുള്ള
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സഹകരണവകുപ്പിനും വിജിലൻസിനും റൂറൽ എസ്.പിക്കും പരാതി നൽകുകയായിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് വിജിലൻസ് തീരുമാനിച്ചത്. സംഘത്തിൽ മുൻവർഷങ്ങളിൽ നടന്ന മുഴുവൻ ഇടപാടുകളും ഓഡിറ്റ് റിപ്പോർട്ടും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം.
വീണ്ടും പരാതികൾ
ഇതിനിടെ തന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് സംഘം പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി വണിഗർ തെരുവ് സുഹാന മൻസിലിൽ ഷാജിതയും ബാലരാമപുരം പൊലീസിൽ ഷാജിത പരാതി നൽകി. സംഘത്തിന്റെ മുൻ സെക്രട്ടറി പ്രശാന്തി എം.എസ്. നായർ, ഭർത്താവ് കൃഷ്ണകുമാർ, മാതാവ് ശോഭനകുമാരി തുടങ്ങിയവരുടെ പേരിൽ എസ്.ബി അക്കൗണ്ടുകൾ ആരംഭിച്ച് സംഘത്തിലെ ദിവസേനയുള്ള നീക്കിയിരിപ്പ് തുക ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരാതിയുമായി കൂടുതൽ നിക്ഷേപകർ തട്ടിപ്പിന്റെ കൂടുതൽ വാർത്തകൾ പുറത്തുവരുന്നതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി സംഘം ഓഫീസിൽ കയറിയിറങ്ങുകയാണ്.ബാലരാമപുരം പൊലീസിലും നിരവധി നിക്ഷേപകർ പരാതികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപതോളം നിക്ഷേപകർ തങ്ങളുടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സംഘത്തിൽ എത്തിയിരുന്നു.