തിരുവനന്തപുരം: പഴവങ്ങാടിയിൽ ട്രാഫിക് നിയമം ലംഘിച്ച് പാർക്ക് ചെയ്‌ത വാഹനം മാറ്റാൻ ആവശ്യപ്പെട്ട എ.എസ്.ഐ.യെ അസഭ്യം വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സൗത്ത് സോൺ ഐ.ജി ഹർഷിത അട്ടലൂരിയാണ് രാജേഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഫോർട്ട് എ.സി, ഡി.സി.പി എന്നിവരുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡി.സി.ആർ.ബി ഡി.വൈഎസ്പിക്കാണ് തുടർ അന്വേഷണ ചുമതല. ഈ ഡി.വൈഎസ്പിക്ക് മുന്നിൽ 14 ദിവസത്തിനകം രാജേഷ് കുമാർ തെളിവെടുപ്പിന് നേരിട്ട് ഹാജരാകണം. കഴിഞ്ഞ മാസം 30ന് വൈകിട്ട് അഞ്ചോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ നോ പാർക്കിംഗ് ബോർഡിന് നേരെ പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന നെടുമങ്ങാട് എസ്.എച്ച്.ഒ രജേഷ്‌കുമാർ ഇതിന് തയാറായില്ല. താൻ എസ്.ച്ച്.ഒ ആണെന്ന് വെളിപ്പെടുത്താതെ ഇദ്ദേഹം ജവഹറിനോട് തട്ടികയറി. തുടർന്ന് ജവഹർ കാറിന്റെ ചിത്രം മൊബൈലിൽ പകർത്തി. ഇതിൽ പ്രകോപിതനായ എസ്.എച്ച്.ഒ ഫോൺ പിടിച്ചുവാങ്ങി കാറിനുളളിൽ എറിഞ്ഞു പൊട്ടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാനാവശ്യപ്പെട്ടിട്ടും തുറക്കുകയോ ഫോൺ തിരികെ നൽകുകയോ ചെയ്തില്ല. ഒടുവിൽ വയർലെസിലൂടെ ട്രാഫിക്ക് പെട്രോൾ സംഘത്തെ വിവരമറിയിച്ചു. സ്ഥലത്തെ എയിഡ്‌പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരും സ്ഥലത്തെത്തി. എന്നിട്ടും വാഹനം മാറ്റാൻ തയാറാകാതെ എസ്.എച്ച്.ഒ അസഭ്യം വിളി തുടർന്നു. ഒടുവിൽ ചീറ്റ ടീമിലെ എസ്.ഐ ഇടപ്പെട്ടപ്പോൾ അദ്ദേഹത്തോടും തട്ടിക്കയറി. വാഹനം പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചപ്പോഴാണ് താൻ എസ്.എച്ച്.ഒ ആണെന്ന് രാജേഷ് കുമാർ വെളിപ്പെടുത്തിയതും ഭീഷണിക്ക് ശേഷം പൊട്ടിച്ച ഫോൺ തിരികെ നൽകിയതും.