തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാസർകോട് ജില്ലയിലെ ബേക്കൽ വരെയുള്ള ജലപാതയുടെ ഭാഗമായി കോവളം മുതൽ ആക്കുളം വരെയുള്ള ഭാഗത്ത് പാർവതി പുത്തനാറിന്റെ തീരത്ത് സർക്കാർ ഇതുവരെ സ്ഥാപിച്ചത് 500 അതിർത്തി കല്ലുകൾ. അടുത്ത മാസത്തോടെ അതിർത്തി നിർണയം പൂർത്തിയാക്കി തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ 1000 അതിർത്തി കല്ലുകൾ പുത്തനാറിൽ ആകെയുള്ള 16.4 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കപ്പെടും.
കാലങ്ങളായി പുത്താനാർ കൈയേറി അനധികൃതമായി നിർമ്മിച്ച 1500 ഓളം നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പുത്തനാറിന്റെ തീരത്തുള്ള 900 വീടുകളും ഉൾപ്പെടും.
കനാലിന് 25 മീറ്റർ വീതി
ജലപാതയിലൂടെയുള്ള സുഗമമായ യാത്രയ്‌ക്കായി കനാലിന്റെ വീതി 25 മീറ്റർ കൂട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉൾനാടൻ ജലഗതാഗത അതോറിട്ടി ഒഫ് ഇന്ത്യയുടെ നിയമം അനുസരിച്ച് കനാലിന് നിശ്ചിത വീതി ഉണ്ടാകണം. കനാലിന്റെ ഇരുവശങ്ങളിലുമായി 1000 അതിർത്തി കല്ലുകളാണ് സ്ഥാപിക്കുക. ഇതിന് ഫണ്ട് അനുവദിക്കുന്നത് കിഫ്ബിയാണ്. 150 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പദ്ധതി നടത്തുന്നത് കോസ്‌റ്റൽ ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗത വകുപ്പ് കേരള വാട്ടർവെയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഡബ്ല്യു.ഐ.എൽ) എന്നിവ ചേർന്നാണ്. സംസ്ഥാന സർക്കാരിന്റെയും സിയാലിന്റെയും സംയുക്ത എസ്.പി.വി ആണിത്. പദ്ധതിക്കായി 69 കോടി കിഫ്ബി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഈയാഴ്ച മുതൽ അതിർത്തി നിർണയം തുടങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഒന്നര വർഷം മുമ്പ് തന്നെ ഇതിനായി ടെണ്ടർ വിളിച്ചെങ്കിലും കൊവിഡിനെ തുടർന്ന് ആരും മുന്നോട്ട് വന്നില്ല. ഇപ്പോൾ പുതിയൊരു ഏജൻസിയെ പദ്ധതി ഏൽപിച്ചിട്ടുണ്ട്.
2022ൽ കൈയേറ്റങ്ങൾ
പൂർണമായി ഒഴിപ്പിക്കും
കനാലിന്റെ തീരത്ത് നൂറോളം കൈയേറ്റങ്ങളാണുള്ളത്. കോവളം മുതൽ ചാക്ക വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കൈയേറ്റങ്ങളുള്ളത്. പദ്ധതി പ്രദേശത്ത് വീടുകൾ കൂടാതെ സ്വകാര്യ വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും ഭൂമി കൈയേറിയിട്ടുണ്ട്. റവന്യൂവകുപ്പ് നടത്തിയ സർവേയിൽ ആയിരത്തോളം പേർ അനധികൃതമായി തീരം കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പ്, റവന്യൂ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാൻ സർവേ തുടങ്ങിയത്. സർവേയിൽ ആറിന്റെ പകുതിയോളം കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. പകുതി ഭാഗം കൈയേറി മണ്ണിട്ട് നികത്തി ഒരു നില മുതൽ മൂന്ന് നിലകൾ വരെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചതായി സർവേയിൽ വ്യക്തമായി. ആറിന്റെ ഇരു കരകളിലെയും വീടുകളിൽ നിന്ന് സ്വിവറേജ് പൈപ്പുകൾ ആറിലേക്കാണ് കടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം കൈയേറ്റം നടത്തിയവർക്ക് നേരത്തെ തന്നെ സർക്കാർ കൈശാവകാശ രേഖ നൽകിയിരുന്നു. എന്നാൽ, കുടിവെള്ളവും വൈദ്യുതിയും ലഭിക്കുന്ന താൽക്കാലിക രേഖകൾ മാത്രമായ ഇതിനെ മറയാക്കി കൈയേറ്റം നടത്തുകയായിരുന്നു.
കഴിഞ്ഞ 15 വർഷത്തിനിടയിലാണ് ആറിന്റെ തീരങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ വർദ്ധിച്ചത്. പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പിൻബലവും അധികാരികളുടെ മൗനാനുവാദവുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ കൂടാൻ കാരണം.
അതേസമയം, വീട് നിർമ്മിക്കാൻ മറ്റൊരു പോംവഴിയുമില്ലാതെ ആറിന്റെ തീരം തിരഞ്ഞെടുത്ത പാവങ്ങളും കൂട്ടത്തിലുണ്ട്. പാർവതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള വീടുകളിൽ 680 എണ്ണം ആറിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നതായും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ആറിലേക്ക് വിസർജ്ജ്യങ്ങളൊഴുക്കുന്നത് തടയാനായി ഈ വീട്ടുകാർക്ക് സെപ്ടിക് ടാങ്കുകൾ സ്ഥാപിച്ചുകൊടുക്കും. നാലു കുടുംബങ്ങൾക്ക് ഒരു ടാങ്ക് എന്ന കണക്കിലാണ് തീരുമാനിച്ചിരിക്കുന്നത്. ശുചിത്വ മിഷനുമായി ചേർന്ന് നഗരസഭയുടെ പങ്കാളിത്തത്തോടെയാവും പൂർത്തീകരിക്കുക. 1.5 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്തിന് 35 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ മുഴുവൻ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ തന്നെ മുൻകൈയെടുക്കും. മുട്ടത്തറയിലും മറ്റും പുറമ്പോക്ക് കൈയേറി താമസിക്കുന്നവർക്ക് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വള്ളക്കടവ്, മേനംകുളം എന്നിവിടങ്ങളിലായിരിക്കും പുനരധിവാസത്തിന് സൗകര്യമൊരുക്കുക. കിഫ്ബി ഉദ്യോഗസ്ഥർ പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം സർക്കാർ വിശദമായ പുനരധിവാസ പാക്കേജ് തയ്യാറാക്കും. ലൈഫ് മിഷൻ, പുനർഗേഹം പദ്ധതികൾ പ്രകാരമായിരിക്കും പുനരധിവാസം. 2022 ഓടെ പുനരധിവാസം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.