കോട്ടയം: സ്വർണപ്പണയം എടുക്കാൻ പണം നൽകി സഹായിക്കാമെന്ന പരസ്യം കണ്ട് എറണാകുളത്തെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ വിളിച്ച വരുത്തി ഒന്നരലക്ഷം തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്ര് ചെയ്തു. മാഞ്ഞൂർ ഞാറപറമ്പിൽ ജോബിൻ സാബു(23), കോതനല്ലൂർ ഇടച്ചാലിൽ സജി പൈലി(35) എന്നിവരാണ് അറസ്റ്റിലായത്. പണവുമായി കടന്നുകളഞ്ഞ മോനിപ്പള്ളി സ്വദേശി ജയ്സണിനായി തെരച്ചിൽ തുടരുകയാണ്. എറണാകുളം ഗോൾഡ് പോയിന്റ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ തൃശൂർ ഇഞ്ചക്കുണ്ട് കൂട്ടുങ്കൽ കെ.എ. വികാസിന്റെ കൈവശമിരുന്ന ഒന്നരലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഇന്നലെ രാവിലെ 11.15 ഓടെ കുറവിലങ്ങാട്- വൈക്കം റോഡിൽ മൂലങ്കുഴ പാലത്തിന് സമീപം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗോൾഡ് പോയിന്റ് എന്ന സ്ഥാപനം സ്വർണപ്പണയം എടുത്ത് വിൽക്കാൻ സഹായിക്കും എന്ന പരസ്യം നൽകിയിരുന്നു. പരസ്യത്തിലെ നമ്പറിൽ വിളിച്ച് സ്വർണപ്പണയം എടുക്കാൻ സഹായിക്കണമെന്ന് മുഖ്യസൂത്രധാരൻ ജയ്സൺ ആവശ്യപ്പെടുകയായിരുന്നു