carplay

ഗൂഗിളിന്റെതുപോലെ തനിയെ ഓടുന്ന കാറുകൾ പുറത്തിറക്കാനുള‌ള ആപ്പിൾ കമ്പനിയുടെ ശ്രമം നടന്നുവരുന്നതേയുള‌ളു. ആറ് വർഷം വരെ അതിനെടുത്തേക്കാമെന്നാണ് സൂചനകൾ. എന്നാൽ നിലവിലു‌ളള കാറുകളെ നിയന്ത്രിക്കാനുള‌ള കിടിലൻ ഫീച്ചേഴ്‌സ് ഇപ്പോഴേ ആപ്പിൾ നൽകിയാലോ? കൊള‌ളാം അല്ലേ? ആപ്പിളിന്റെ ഐഫോണുകളിലെ കാർപ്ളേ വഴി ഇത്തരത്തിൽ കാറുകളിലിരുന്ന് വിവിധ കാര്യങ്ങൾ നിയന്ത്രിക്കാൻ നമുക്കാകും.

മാപ്പ് നാവിഗേഷനും ഫോൺ ചെയ്യാനും മറ്റ് ആശയവിനിമയ ഉപാധികൾക്കും ആപ്പിൾ കാർപ്ളേ വഴി സാധിക്കും. അത് മാത്രമല്ല ഇനി കാർപ്ളേയുള‌ള വാഹനത്തിലെ എ.സി നിയന്ത്രിക്കാനും സീറ്റുകൾ അഡ്‌ജസ്‌റ്റ് ചെയ്യാനും കാറിലെ ശബ്‌ദ സജ്ജീകരണം നിയന്ത്രിക്കാനും കഴിയും. നിലവിൽ ആപ്പിൾ ഐഫോണിന് ചെയ്യാനാകാത്ത പലതും കാർപ്ളേയിലൂടെ ചെയ്യാനാകും. അതിനുള‌ള ഫീച്ചറുകൾ വികസിപ്പിക്കുന്ന തിരക്കിലാണ് ആപ്പിൾ. വാഹനത്തിലെ താപനില മാത്രമല്ല വേണമെങ്കിൽ വേഗവും നിയന്ത്രിക്കാൻ കാർപ്ളേയ്‌ക്ക് സാധിക്കും.

എന്നാൽ കാറിന്റെ നിയന്ത്രണത്തിന്റെ പൂർണമായ അവകാശം കാർപ്ളേയ്‌ക്ക് വിട്ടുകൊടുക്കാൻ കാർ നിർമ്മാതാക്കൾ സമ്മതിക്കുമോയെന്ന് കണ്ടറിയണം. കാറിന്റെ ഡാഷ്‌ബോർഡിലെ സംവിധാനങ്ങളുടെ നിയന്ത്രണമാണ് കാർപ്ളേ വഴി ആപ്പിൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. കാർ നിർമ്മാതാക്കൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതൊരു മികച്ച അനുഭവം തന്നെയാകും ഐഫോൺ ഉപഭോക്താക്കൾക്ക് നൽകുക.