uae-

ഇസ്രായേൽ,​ യു.എ.ഇ പൗരൻമാർക്ക് ഇനി മുതൽ വിസയില്ലാതെ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്രചെയ്യാം. ഞായറാഴ്ച മുതല്‍ പുതിയ സംവിധാനം നിലവിൽ വരും. ഇസ്രായേൽ ആഭ്യന്തരമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒക്ടോബര്‍ 10 മുതൽ ആരംഭിക്കുന്ന വിസ രഹിത യാത്രയെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. .

ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസിനായി പോകുന്നവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. യു.എ.ഇയില്‍ പഠിക്കാനോ ജോലി ചെയ്യാനോ സന്നദ്ധപ്രവര്‍ത്തനത്തിനോ മതപരമായ കാരണങ്ങളാലോ യാത്ര ചെയ്യുന്നവര്‍ക്ക് ഇപ്പോഴും വിസ ആവശ്യമാണ്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപന നിരക്ക് കുറയുന്നത് തുടരുകയാണെങ്കില്‍, ഒക്ടോബര്‍ അവസാനം വാക്‌സിനേഷന്‍ ചെയ്ത ടൂറിസ്റ്റുകളെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ട്.

ഇസ്രായേലും യു.എ.ഇയും ജനുവരിയില്‍ വിസരഹിത കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ അത് താൽക്കാലികമായി നിറുത്തിവെയ്ക്കുകയായിരുന്നു. അന്ന്, യു.എ.ഇ സന്ദര്‍ശിക്കുന്ന ഇസ്രായേലികള്‍ക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വറന്റീൻ ഏർപ്പെടുത്തി. ഇപ്പോള്‍ വാക്‌സിന്റെ മൂന്ന് ഡോസ് സ്വീകരിച്ച ഇസ്രായേല്‍ സ്വദേശികള്‍ക്ക് യു.എ.ഇ ഉള്‍പ്പെടെയുള്ള മിക്ക വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതുവരെ മാത്രം ക്വറന്റീനിൽ കഴിഞ്ഞാൽ മതിയാകും.