ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 42 റൺസിന്റെ ജയം നേടിയെങ്കിലും നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന കൂറ്റൻ സ്കോർ നേടി. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസേ 20 ഓവറിൽ നേടാനായുള്ളൂ, ഹൈദരാബാദിനെ 66 റൺസിനുള്ളിൽ ആൾഔട്ട് ആക്കിയിരുന്നെങ്കിലെ മുംബയ്ക്ക് പ്ലേ ഓഫിൽ കടക്കാനാകുമായിരുന്നുള്ളൂ.
32 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസ് അടിച്ചു കൂട്ടിയ ഇഷാൻ കിഷനും 40 പന്തിൽ 13 ഫോറും 3 സിക്സും ഉൾപ്പെടെ 82 റൺസ് അടിച്ച സൂര്യകുമാർ യാദവുമാണ് മുംബയ്ക്ക് കൂറ്റൻ സ്കോർസമ്മാനിച്ചത്. 16 പന്തുകളിലാണ് ഇഷാൻ അർദ്ധ സെഞ്ചുറി നേടിയത്. ഐ.പി.എല്ലിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് നിരയിൽ ക്യാപ്ടൻ മനീഷ് പാണ്ഡെ (41 പന്തിൽ പുറത്താകാതെ 69) അർദ്ധ സെഞ്ചുറി നേടി.
അവസാന പന്തിൽ സിക്സടിച്ച് ജയം
അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രീകർ ഭരത് അവസാന പന്തിൽ നേടിയ. സിക്സിന്റെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 7 വിക്കറ്റിന് കീഴടക്കി. സ്കോർ : ഡൽഹി 164/5, ബാംഗ്ലൂർ 166/3.
അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ15 റൺസ് വേണമായിരുന്നു. ആവേശ് ഖാൻ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് മാക്‌സ്‌വെൽ ഫോറടിച്ചു.അടുത്ത പന്തിൽ രണ്ട് റൺസ്.മൂന്നാം പന്തിൽ ലെഗ്‌ബൈ, നാലാം പന്തിൽ റണ്ണില്ല.അഞ്ചാം പന്തിലും രണ്ട് റൺസ്. അവസാന പന്ത് വൈഡായി. തുടർന്ന് ജിയക്കാൻ വേണ്ടത് അഞ്ച് റൺസ്. റീ ബാൾ സിക്സടിച്ച് ഭരത് ബാംഗ്ലൂരിന് തകർപ്പൻജയം സമ്മാനിക്കുകയായിരുന്നു. ഭരതും (52 പന്തിൽ 78), മാക്സ്വെല്ലും (33 പന്തിൽ 51) നാലാം വിക്കറ്റിൽ 63 പന്തിൽ 111 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
പ്ലേ ഓഫിൽ കടന്നവർ
ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത.