ന്യൂഡൽഹി: ഇന്ത്യയിൽ ടെസ്‌ലയുടെ മോഡലുകൾ 35 ലക്ഷം രൂപയ്ക്ക് വിൽക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നിലവിൽ ഇന്ത്യ 40,000 ഡോളറിനുമേൽ (30 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. അമേരിക്കയിൽ ടെസ്‌ല കാറുകൾക്ക് പ്രാരംഭവില 30 ലക്ഷം രൂപയോളമാണ്. അതായത്, അവ ഇന്ത്യയിലെത്തുമ്പോൾ നികുതിയടക്കം വില ഇരട്ടിയാകും; 60 ലക്ഷം രൂപ!
എന്നാൽ, ടെസ്‌ലയ്ക്ക് 35 ലക്ഷം രൂപയ്ക്കുമുതൽ ഇന്ത്യയിൽ വിൽക്കാനാകുമെന്ന് ഗഡ്‌കരി പറഞ്ഞു. ചൈനയിൽ നിർമ്മിക്കുന്നതിന് പകരം ടെസ്‌ല ഇന്ത്യയിൽ തന്നെ ഉത്‌പാദനം തുടങ്ങണം. ഇവിടെ നിന്ന് കയറ്റുമതിയും വേണം. അങ്ങനെയെങ്കിൽ, അവർക്കുവേണ്ട എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും ഗഡ്‌കരി പറഞ്ഞു.