ലക്‌നൗ: ലഖിംപൂർ കൂട്ടക്കൊലക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കൊലപാതകം ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആശിഷ് മിശ്ര ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അറിയിച്ചു. 'മകൻ നിരപരാധിയാണ്.ഇന്ന് അവൻ പൊലീസിന് മുമ്പാകെ ഹാജരാകും.അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ അവന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ല. തെളിവുകളുണ്ടെങ്കിൽ പൊലീസ് നൽകിയ നമ്പറിൽ ആർക്കും ബന്ധപ്പെടാം.'- അജയ് മിശ്ര പറഞ്ഞു.
ആശിഷ് മിശ്ര ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണ സംഘം കേന്ദ്രമന്ത്രിയുടെ വസതിയിലെത്തി വീണ്ടും നോട്ടീസ് പതിച്ചിരുന്നു. സംഭവത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് പതിക്കുകയായിരുന്നു.