yogi

ലക്‌നൗ: ലഖിംപുർ ഖേരി സംഘർഷവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവില്ലാതെ ആരെയും ആറസ്റ്റ് ചെയ്യില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും, അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല. പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്നും, സമ്മർദ്ദത്തിന്റെ പുറത്ത് നടപടിയെടുക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.

ലഖിംപൂരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാക്കൾ സന്ദർശിക്കുന്നതിനെ യോഗി ആദിത്യനാഥ് വിമർശിച്ചു. ഇവിടേക്ക് പോകാൻ ആഗ്രഹിക്കുന്ന പലരും അക്രമ സംഭവത്തിന് പിന്നിലുണ്ടെന്നും, അന്വേഷണത്തിന് ശേഷം എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖിംപൂർ സംഘർഷത്തിൽ മാദ്ധ്യമപ്രവർത്തകനുൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.