air-craft-museum

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂർത്തീകരിച്ച എയർഫോഴ്സ് മ്യൂസിയം കാഴ്‌ചക്കാർക്ക് ഒരുപോലെ കൗതുകവും വിസ്‌മയവും ആകുന്നു. ഇന്ത്യൻ വ്യേമസേനയുടെ 89ാമത് സ്ഥാപക ദിനമായ ഇന്നലെ മ്യൂസിയം,​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വ്യോമസേനയെ കുറിച്ചും ദേശീയ സുരക്ഷയെ കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എയർഫോഴ്സുമായി ചേർന്നാണ് ടൂറിസം വകുപ്പ് ഈ മ്യൂസിയം സ്ഥാപിച്ചത്.

 രണ്ട് നിലകൾ,​ ചെലവ് 1.97 കോടി
ആധുനിക സൗകര്യങ്ങളോടെ പൂർത്തിയായ ഫ്ളൈറ്റ് സിമുലേറ്റർ മ്യൂസിയത്തിൽ രണ്ടു നിലകളാണുള്ളത്. വിമാനത്തിന്റെ കോക്പിറ്റ് മാതൃകയിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ള താഴത്തെ നിലയിൽ സിമുലേറ്റർ, ടോയ്ലറ്റ് എന്നിവയാണുള്ളത്. മോട്ടിവേഷൻ കിയോസ്‌ക്, എയർഫോഴ്സിന്റെ ചരിത്രം, എയർഫോഴ്സിന്റെ യന്ത്രസാമഗ്രികളുടെയും മാതൃകകളുടെയും പ്രദർശനം എന്നിവയാണ് രണ്ടാമത്തെ നിലയിലുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ ലാൻഡ് സ്‌കേപ്പിംഗ്, വിമാന മാതൃകയിലുള്ള ഘടന എന്നിവയ്ക്കായി 98 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ മ്യൂസിയത്തിന്റെ ഉൾവശവും അനുബന്ധ പ്രവൃത്തികൾക്കുമായി 99 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമാണ് എയർഫോഴ്സ് മ്യൂസിയം. മ്യൂസിക്കൽ ഫൗണ്ടൻ, കൃത്രിമ വെള്ളച്ചാട്ടത്തിന്റെ നവീകരണം, കോഫിഷോപ്പ്, സൈക്കിൾ ട്രാക്ക്, നീന്തൽക്കുളം, കുട്ടികളുടെ പാർക്ക്, കായിക ഉപകരണങ്ങൾ എന്നിവയടങ്ങിയുന്ന പദ്ധതിക്ക് 9.34 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

 ടൂറിസത്തിനാകെ പ്രയോജനകരം: മന്ത്രി മുഹമ്മദ് റിയാസ്

എയർഫോഴ്സ് മ്യൂസിയം ആക്കുളത്തിനും തിരുവനന്തപുരം ജില്ലയ്‌ക്കും മാത്രമല്ല കേരള ടൂറിസത്തിനാകെ പ്രയോജനകരമാകുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ വ്യോമസേനയെ കുറിച്ച് മനസ്സിലാക്കാൻ മ്യൂസിയം അവസരമൊരുക്കും. വിമാന മാതൃകയിൽ രൂപകൽപന ചെയ്ത മ്യൂസിയവും ഫ്ളൈറ്റ് എൻജിനും സന്ദർശകർക്ക് വ്യത്യസ്ത അനുഭവമായിരിക്കും. അടുത്തിടെ പ്രഖ്യാപിച്ച കാരവൻ നയത്തിലൂടെ കേരള ടൂറിസം പുതിയ സാദ്ധ്യതകൾ തേടുകയാണ്. ഭക്ഷണം, ശുചീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിരവധി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യാൻ കാരവൻ പദ്ധതിയിലൂടെ സാധിക്കും. തദ്ദേശീയ കലകൾ വിനോദ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാനും പ്രാദേശിക കലാകാരന്മാർക്ക് വരുമാനം നേടാനും കാരവൻ ടൂറിസം വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സന്ദർശകരെ ആകർഷിക്കുന്നതിനൊപ്പം കേരളത്തിലെ യുവാക്കളെ വ്യോമസേനയിൽ ചേരാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മ്യൂസിയം സ്ഥാപിച്ചതിനു പിന്നിലുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സതേൺ എയർ കമാന്റ് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ജെ.ചലപതി പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫ്ളൈറ്റ് സിമുലേറ്റർ യഥാർത്ഥ അനുഭവം നൽകാൻ പോന്നതാണ്. എയർഫോഴ്സ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ആശയം 2018 ൽ അവതരിപ്പിക്കുകയും 2019 ൽ പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിക്കുകയും ചെയതു. പദ്ധതിയുടെ വേഗത്തിലുള്ള നിർവഹണത്തിൽ ടൂറിസം വകുപ്പിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ആക്കുളത്തിന്റെയും വേളിയുടെയും സമഗ്രവികസനം തലസ്ഥാന നഗരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പറഞ്ഞു. ആക്കുളം കായലിന്റെ പുനരുജ്ജീവന പദ്ധതിക്കായി 185.23 കോടി രൂപയുടെ ഭരണാനുമതി തത്വത്തിൽ അംഗീകാരം നൽകുകയും ഓന്നാംഘട്ടമായി 64.13 കോടി രൂപ കിഫ്ബി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി 96 കോടി രൂപ കൂടി ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാണ് എയർഫോഴ്സ് മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ എല്ലാ സംരംഭങ്ങൾക്കും കോർപ്പറേഷൻ പിന്തുണ നൽകുമെന്നും തലസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പുതിയ സൗകര്യം ഫലപ്രദമായി പരിപാലിക്കേണ്ടതുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. സതേൺ എയർ കമാൻഡ് എയർ വൈസ് മാർഷൽ ഡി.വി. വാണി, സതേൺ എയർ കമാൻഡ് എയർ വൈസ് മാർഷൽ ബി.എൻ. കുമാർ, സതേൺ എയർ കമാന്റ് എയർ കമ്മഡോർ ജെ.ജയചന്ദ്രൻ, കൗൺസിലർ എസ്.സുരേഷ് കുമാർ, ടൂറിസം ഡയറക്ടർ കൃഷ്‌ണതേജ,​ ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.