aryan-khan-admitted-using

മുംബയ് :ലഹരി മരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാൻ താൻ ലഹരി( കന്നബിസ്) ഉപയോഗിക്കുമെന്ന് സമ്മതിച്ചതായി റിപ്പോർട്ട്. ആര്യനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർബാസ് മെർച്ചന്റ് തന്റെ ഷൂസിൽ ആറ് ഗ്രാം നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പൻച്നാമ എന്നറിയപ്പെടുന്ന എൻ സി ബി യുടെ ദൃക്സാക്ഷി വിവരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൂയിസിലെ റെയ്ഡിനിടെ എൻ സി ബി ആര്യനെയും അർബാസിനെയും സമീപിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ദൃക്സാക്ഷിയുടെ വിവരണമാണ് പൻച്നാമ.

ഇരുവരെയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്താൻ എൻ സി ബി തയ്യാറായെങ്കിലും ഇവർ നിരസിക്കുകയായിരുന്നു. തുട‌ർന്ന് ഏതെങ്കിലും ലഹരി വസ്തുക്കൾ കൈവശമുണ്ടോയെന്ന എൻ സി ബിയുടെ ചോദ്യത്തിൽ അർബാസ് സ്വമേധയ തന്റെ ഷൂസിൽ നിന്നും ലഹരി മരുന്ന് പുറത്തെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇത് ലഹരി മരുന്നായ ചരസ് ആണെന്ന് തെളി‌ഞ്ഞു.

താൻ ആര്യനോടൊപ്പം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആഡംബര കപ്പലിനുള്ളിൽ ഇത് ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നതായും അർബാസ് എൻ സി ബിയോട് വെളിപ്പെടുത്തി. തങ്ങൾ കപ്പലിനുള്ളിൽ ലഹരി ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി ആര്യനും സമ്മതിച്ചിരുന്നു.