monson-sreenivasan

കൊച്ചി: നടൻ ശ്രീനിവാസനെതിരെ മനനഷ്ട കേസുമായി മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ അനൂപ് വി അഹമ്മദ്. ശ്രീനിവാസൻ തന്നെ ഫ്രോഡ് എന്നും വിളിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് അനൂപ് വക്കീൽ നോട്ടീസയച്ചത്.

ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ അപമാനിച്ചതെന്നാണ് അനൂപിന്റെ പരാതി. അതേസമയം മോൻസണെതിരെ പരാതി നൽകിയതിന് ചിലർ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാർ ആരോപിച്ചു.

പരാതിക്കാരായ യാക്കൂബ് പൂറായിൽ, അനൂപ് വി അഹമ്മദ്, എം ടി ഷമീർ, ഷാനിമോൻ പരപ്പൻ എന്നിവർക്കാണ് ഭീഷണി സന്ദേശം കിട്ടിയത്. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ഭീഷണി മുഴക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചു.

മോൻസണിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും യു ട്യൂബിലും അപ്‌‌ലോഡ് ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്ന നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. മോൻസൺ പിടിയിലായതിനു പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പല പോസ്റ്റുകളും നീക്കിയിരുന്നു. ഇത് വീണ്ടെടുക്കാനും അന്വേഷണ സംഘം ശ്രമിക്കുകയാണ്.