ന്യൂ ഡൽഹി:പുതിയ ഇന്ത്യൻ നിർമ്മിത വാക്സിനുകൾ എത്തുന്നതോടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. എന്നാൽ കൊവിഡ് വാക്സിനുകൾ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതിനാൽ മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത യു എൻ ഉറപ്പാക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. യു എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസിഡറുമായ ടി എസ് തിരുമൂർത്തിയാണ് യു എന്നിൽ ഇത് വ്യക്തമാക്കിയത്.
കൊവിഡ് പ്രതിസന്ധി ഒരിടത്തും അവസാനിക്കാത്ത സാഹചര്യത്തിലാണ് നാമിപ്പോൾ. എന്നിരുന്നാലും പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തത്തോടെ ഇതിന് ഒരു പരിധിവരെ ആശ്വാസമേകാനാകുമെന്ന പ്രതീക്ഷയിലാണ് നാം എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. യു എൻ ജനറൽ അസംബ്ളിയുടെ രണ്ടാമത്തെ സമിതിയുടെ ജനറൽ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചതുപോലെ വാക്സിനുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും മറ്റ് പങ്കാളികളോടൊപ്പം കൊവിഡിന് അവസാനമുണ്ടാക്കുമെന്നും തിരുമൂർത്തി പറഞ്ഞു. 2021ന്റെ നാലാം പാദത്തോടെ വാക്സിൻ മൈത്രി പദ്ധതി പ്രകാരം മിച്ചമുള്ള വാക്സിനിന്റെ കയറ്റുമതി വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ കൊവിഡിന്റെ രണ്ടാം തരംഗം എത്തിയതോടെ വാക്സിനിന്റെ കയറ്റുമതി നിർത്തിവെക്കുകയായിരുന്നു. ഏകദേശം നൂറോളം രാജ്യങ്ങളിൽ 6.6 കോടിയിൽപ്പരം വാക്സിൻ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.