ashish-mishra

ലക്‌നൗ: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ച് കൊന്നെന്ന കേസിലെ ആരോപണവിധേയനും കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് എത്തിയത് വൻ പൊലീസ് അകമ്പടിയോടെ. ഇന്ന് രാവിലെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ ക്രൈബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് വേണ്ടി ആശിഷ് ഹാജരായത്. മന്ത്രിപുത്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിഞ്ഞ് നേരത്തെ സ്ഥലത്ത് എത്തിയ മാദ്ധ്യമങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിന്റെ പിൻവാതിൽ വഴിയാണ് ആശിഷ് ഉള്ളിൽ കടന്നത്.

ചോദ്യം ചെയ്യലിൽ തനിക്ക് കൂട്ടകൊലയിൽ പങ്കില്ലെന്ന മുൻ നിലപാട് ആശിഷ് മിശ്ര ആവർത്തിച്ചു. സംഭവം നടക്കുമ്പോൾ താൻ ആ വാഹനത്തിൽ ഇല്ലായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് ആശിഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഘർഷവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ പത്തരയോടെയാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് പതിനൊന്ന് മണിക്ക് മുമ്പായി എത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആശിഷിന് പൊലീസ് സമൻസ് അയച്ചിരുന്നു.

ഒക്ടോബര്‍ മൂന്നിന് മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കര്‍ഷകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ നാലു കർഷകരും തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റ് നാലു പേരും കൊല്ലപ്പെട്ടു. പ്രകടനത്തിന് ഇടയിലേക്ക് ഓടിച്ചുകയറ്റിയ വാഹനത്തിൽ അജയ് മിശ്ര ഉണ്ടായിരുന്നെന്ന് കർഷകർ ആരോപിക്കുമ്പോൾ സംഭവസ്ഥലത്ത് താനോ ആശിഷോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.

#WATCH Son of MoS Home Ajay Mishra Teni, Ashish Mishra arrives at Crime Branch office, Lakhimpur

He was summoned by UP Police in connection with Lakhimpur violence. pic.twitter.com/g6wMpHYOKr

— ANI UP (@ANINewsUP) October 9, 2021