v-sivankutty

തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നാക്കുപിഴ എല്ലാവർക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും.അക്കൂട്ടത്തിൽ ഒരു പിഴവാണ് ഇന്നലെ സംഭവിച്ചിട്ടുള്ളത്. അതിനെ ആക്ഷേപിച്ചും, പലരൂപത്തിലും ചിലർ ചിത്രീകരിക്കുന്നു. പ്രത്യേകിച്ച് ബി ജെ പിക്കാരും, കോൺഗ്രസിന്റെ ഒരു വിഭാഗവും. അതിന്റെ പേരിൽ അവർക്ക് ആത്മ സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കിൽ അത് കിട്ടിക്കോട്ടെ, എനിക്കതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ആക്ഷേപിക്കുന്നവർക്കും, അവർ മനുഷ്യരാണെങ്കിൽ നാക്കുപിഴവൊക്കെ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. ചൂണ്ടിക്കാണിക്കേണ്ടത് വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നമ്മൾ പുറത്തിറക്കിയ മാർഗരേഖയിൽ എന്തെങ്കിലും പിഴവുണ്ടോ, അതിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നതാണ്.' മന്ത്രി പറഞ്ഞു.

മന്ത്രി ഇന്നലെ പറഞ്ഞത്

' ഇന്ത്യയിലെ മുപ്പത്തിയഞ്ച് സംസ്ഥാനങ്ങൾ അല്ലേ, ഇരുപത്തിമൂന്ന് സംസ്ഥാനങ്ങൾ സ്‌കൂൾ തുറന്നു. മുപ്പത്തിയഞ്ചില്ല, ഇരുപത്തിമൂന്ന് സംസ്ഥാനങ്ങൾ സ്‌കൂളുകൾ തുറന്നു. അവിടെയൊന്നും വലിയ പ്രശ്‌നങ്ങൾ വന്നിട്ടില്ല.'-എന്നാണ് മന്ത്രി പറഞ്ഞത്.