ഈ വർഷത്തെ സമാധാന നോബൽ പുരസ്കാരം രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് ലഭിച്ചതിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും അനീതിക്കെതിരെയും നിർഭയം പോരാടുന്ന ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും ആദരിക്കപ്പെടുകയാണ്. മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്ന നേട്ടം.
1935 ൽ കാൾ ഒസൈറ്റ്സ്ക്കി എന്ന ജർമ്മൻ മാദ്ധ്യമ പ്രവർത്തകനാണ് ഈ രംഗത്ത് മുമ്പ് സമാധാനത്തിനുള്ള നോബൽ നേടിയിട്ടുള്ളത്. ജർമ്മനിയുടെ ആയുധ നിർമ്മാണ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിനായിരുന്നു ആ ബഹുമതിയെങ്കിൽ, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങളും അഴിമതിയും പുറത്തുകൊണ്ടുവരികയും സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിനായി പൊരുതുകയും ചെയ്തതിനാണ് ഫിലിപ്പൈൻസിലെ മരിയ റെസയും റഷ്യയിലെ ആൻഡ്രിവിച്ച് മുറടോവും പുരസ്ക്കാരം പങ്കിടുന്നത്. തങ്ങളുടെ നാടുകളിൽ ഭരണാധികാരികൾ അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് കാട്ടിക്കൂട്ടിയ അഴിമതികളെയും സ്വജനപക്ഷപാതത്തെയും തുറന്നുകാട്ടുകയെന്ന ദൗത്യമാണ് ഇവർ മാദ്ധ്യമപ്രവർത്തനത്തിലൂടെ നിർവഹിക്കുന്നത്. സത്യം,ധർമ്മം ,നീതി എന്നിവയ്ക്കായി കൊതിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ സ്വരമാണ് ഭരണവർഗത്തിന്റെ അടിച്ചമർത്തലുകളെയും ഭീഷണികളെയും അതിജീവിച്ച് അവരുടെ നാവുകളിൽ നിന്നും തൂലികയിൽ നിന്നും പുറത്തുവരുന്നത്.
ആധുനിക മാദ്ധ്യമപ്രവർത്തനം കോർപ്പറേറ്റ്വത്ക്കരിക്കപ്പെടുന്നുവെന്ന ആക്ഷേപം കേൾക്കുമ്പോൾ പ്രചാരത്തിന്റെ പെരുമ്പറ മുഴക്കാതെ, സത്യസന്ധവും ധീരവുമായി ജനപക്ഷത്ത് നിലയുറപ്പിച്ച മാദ്ധ്യമങ്ങൾക്ക് ആവേശം പകരുന്നതാണ് റെസയ്ക്കും മുറടോവിനും ലഭിച്ച അംഗീകാരമെന്ന് പറയാതെവയ്യ. റഷ്യയിൽ ഒരു കൊച്ചുമുറിയിൽ നൊവായ ഗസറ്റ എന്ന പത്രത്തിന് മുറടോവ് തുടക്കമിട്ടിട്ട് മൂന്നു പതിറ്റാണ്ടാകുന്നതേയുള്ളൂ. ഭരണാധിപൻമാരുടെ കൊലവിളികളെ അതിജീവിച്ചാണ് നൊവായ ഗസറ്റ ഇന്നും നിലനിൽക്കുന്നത്. എന്നാൽ അതിനവർ വലിയ വില നൽകേണ്ടിവന്നിട്ടുണ്ട്. റഷ്യയിൽ യെൽട്സിന്റെ കാലത്ത് തുടങ്ങിയ തീവ്രമായ മാദ്ധ്യമവേട്ട പിൻഗാമിയായ പുട്ടിനും പിന്തുടർന്നപ്പോൾ നൊവായ ഗസറ്റയുടെ ആറു മാദ്ധ്യമപ്രവർത്തകരാണ് കൊലചെയ്യപ്പെട്ടത്. അതിലേറ്റവും ക്രൂരമായിരുന്നു അന്ന പൊളിറ്റ്സ്കോവിസ്ക്യയുടെ കൊലപാതകം. നൊവായ ഗസറ്റയിലെ റിപ്പോർട്ടുകളിലൂടെ പുട്ടിന്റെ കള്ളത്തരങ്ങളെ അന്ന തുറന്നുകാട്ടിയപ്പോൾ അതിനൊപ്പം ഉറച്ച പിന്തുണയുമായി നിന്നത് പത്രാധിപരായ മുറടോവാണ്. വധഭീഷണിയടക്കം നേരിട്ടെങ്കിലും അന്നയുടെ ഗതി മുറടോവിനുണ്ടാകാതിരുന്നതിന് കാരണം നീതിപൂർവമായ പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം നേടിയെടുത്ത ജനപ്രീതിയായിരുന്നു. ആ ജനപ്രീതിയെ ഭരണവൃന്ദം ഭയന്നിരുന്നു. തനിക്കു ലഭിക്കുന്ന നോബൽ പുരസ്കാരം നൊവായ ഗസറ്റയ്ക്കാണ് മുറടോവ് സമർപ്പിക്കുന്നത്.
മാദ്ധ്യമ പ്രവർത്തകർക്ക് ഒട്ടും അനകൂലമല്ലാത്ത സാഹചര്യം നിലനിൽക്കുന്ന പ്രദേശമെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ ഫിലിപ്പൈൻസിൽ സ്വേച്ഛാധിപതിയായി മാറിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടിന്റെ കപടമുഖം പൊതുസമൂഹത്തിനു മുന്നിൽ വലിച്ചുകീറിയ ധീരവനിതയാണ് മരിയ റെസ എന്ന മാദ്ധ്യമ പ്രവർത്തക. ഫിലിപ്പൈൻസിലെ അന്വേഷണാത്മക ഓൺലൈൻ മാദ്ധ്യമമായ റാപ്പറിന്റെ സഹസ്ഥാപകയെന്ന നിലയിലും അന്താരാഷ്ട്ര മാദ്ധ്യമമായ സി.എൻ.എന്നിലൂടെയും നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ റെസ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പ്രസിഡന്റിന്റെ അപ്രീതിക്കു പാത്രമായി തടവുശിക്ഷ നേരിടേണ്ടി വന്നെങ്കിലും റെസ പതറിയിട്ടില്ല.
അധികാര ദുർവിനിയോഗത്തിനും നുണപ്രചാരണങ്ങൾക്കുമെതിരെ സ്വതന്ത്രവും നീതിപൂർവവുമായ മാദ്ധ്യമ പ്രവർത്തനം നടത്തുന്നതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് നോബൽസമിതി പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ലോകത്തെവിടെയും സ്വതന്ത്രമാദ്ധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുമ്പോൾ , അധികാരത്തിമിർപ്പിന്റെ അന്ധകാരം പരക്കുമ്പോൾ മുറടോവും റെസയും മാർഗദീപമായി പ്രകാശം പരത്തുന്നു. പൊൻപാത്രങ്ങളാൽ മറയ്കാൻ ശ്രമിച്ചാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമെന്ന് അവർ വിളിച്ചു പറയുന്നു. റെസയ്ക്കും മുറടോവിനും അഭിനന്ദനങ്ങൾ.