മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ മുംബയ് ബാന്ദ്രയിലെ ഓഫീസിലും വീട്ടിലും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി.
കഴിഞ്ഞ ദിവസം ലഹരി മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ സബർബൻ പോവായിൽ നിന്നും അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇംതിയാസ് ഖത്രിയുടെ പേര് ഉയർന്നുവന്നത്. പതിനെട്ട് പേരാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ആഡംബര കപ്പലിലെ റെയ്ഡിൽ 13 ഗ്രാം കൊക്കൈൻ, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകൾ, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവ എൻ സി ബി പിടിച്ചെടുത്തിരുന്നു.
ഒക്ടോബർ രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസിൽ എൻ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോർഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യൻ സമർപ്പിച്ചിരുന്ന ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബയ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.