ബിൻ ബുലായേയിൽ പുണ്യ എലിസബത്തും
യുവനായിക അപർണ ബാലമുരളി നിർമ്മാതാവായി. ബിൻ ബുലായേ എന്ന കൺസെപ്റ്റ് വീഡിയോയിലൂടെയാണ് അപർണ നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്. പൗർണമി മുകേഷ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബിൻ ബുലായേയിൽ അപർണയ്ക്കൊപ്പം പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് ഗൗതമന്റെ രഥം എന്ന ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായെത്തിയ പുണ്യ എലിസബത്താണ്.തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ബിൻ ബുലായേയിൽ രണ്ട് വീട്ടമ്മമാരുടെ ദിനചര്യകളും ആകുലതകളുമാണ് പറയുന്നത്.
ഏറെക്കാലമായി ഫാഷൻ ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന പൗർണമി മുകേഷിന് ഹ്രസ്വചിത്രം, മ്യൂസിക് ആൽബം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഒരു കൺസെപ്റ്റ് വീഡിയോ ചിത്രീകരിക്കണമെന്നുണ്ടായിരുന്നു. ബിൻ ബുലായേയുടെ തുടക്കം അങ്ങനെയാണ്.
തിരക്കഥ: ശരണ്യ ശർമ്മ, ഛായാഗ്രഹണം: ഹരികൃഷ്ണൻ, എഡിറ്റിംഗ്: വിഷ്ണുശങ്കർ വി.എസ്, സംഗീതം: കിഷോർ കൃഷ്ണ, കളറിംഗ്: രാഹുൽ ടി.ബി, കലാസംവിധാനം: ജിബിൻ ജോസഫ്. അപർണ ബാലമുരളിയുടെ ഒഫിഷ്യൽ യൂ ട്യൂബ് പേജിലാണ് ബിൻ ബുലായേ റിലീസ് ചെയ്തിരിക്കുന്നത്.