mind

ലോകമാനസികാരോഗ്യ ഫെഡറേഷന്റെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് 1992 മുതൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾ ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും അനായാസം ലഭ്യമാക്കേണ്ടതുണ്ട് എന്നതാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ജനത കടുത്ത
മാനസിക സമ്മർദ്ദത്തിലും കൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനാചരണം.


കേരളത്തിന്റെ മാനസികാരോഗ്യം
2016 കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി നടത്തിയ ഒരു സർവേ പ്രകാരം മലയാളികളിൽ 12.8 ശതമാനം ആളുകൾക്ക് ചികിത്സ ആവശ്യമുള്ള ഏതെങ്കിലും ഒരു മാനസികാരോഗ്യ പ്രശ്നമുണ്ട്. കേരളീയരിൽ എട്ടുപേരിൽ ഒരാൾക്കെങ്കിലും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ വിഷയങ്ങൾ നിലവിലുണ്ട്. കേരളീയരിൽ ഒൻപത് ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ള വിഷാദരോഗമുണ്ടെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. അമിത ഉത്കണ്ഠാരോഗങ്ങൾ, കൊവിഡ് പോലെയുള്ള പകർച്ചവ്യാധികളെക്കുറിച്ചുള്ള ഭീതി, മനോജന്യ ശാരീരിക ലക്ഷണങ്ങൾ എന്നിവയും സാർവത്രികമായി കാണപ്പെടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളാണ്.


വേണം മാനസികാരോഗ്യ സാക്ഷരത
മാനസിക ആരോഗ്യ പ്രശ്നങ്ങളോട് സമൂഹം പുലർത്തുന്നത് വിവേചനപരമായ മനോഭാവമാണ്. മനോരോഗം പരിഹരിക്കാനാകാത്ത ഒരു വിഷയമാണെന്നും അത് വന്നുകഴിഞ്ഞാൽ സാമൂഹികജീവിതം അസാദ്ധ്യമാണെന്നുമുള്ള തെറ്റിദ്ധാരണ സമൂഹത്തിൽ വ്യാപകമായി നിലവിലുണ്ട്. മാനസികാരോഗ്യ സാക്ഷരതയുടെ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്നം. എന്താണ് മനസ് എന്നതും എന്തുകൊണ്ടാണ് മനോരോഗങ്ങൾ ഉണ്ടാകുന്നതും എന്നതിനെ സംബന്ധിച്ച് വലിയൊരു ശതമാനം ജനങ്ങൾക്കും ഇപ്പോഴും ധാരണയില്ല. തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് മനസ് എന്ന സത്യം വ്യാപകമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. തലച്ചോറിലെ രാസവസ്തുക്കളുടെ അളവിലെ വ്യതിയാനങ്ങളാണ് മാനസികരോഗങ്ങൾക്ക് കാരണമാകുന്നത് എന്ന യാഥാർത്ഥ്യവും പൊതുജനങ്ങളിലേക്ക് പകരണം.
ലഹരിവസ്തുക്കളുടെ ദുരുപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും മാനസിക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന കാര്യവും ജനങ്ങളെ വ്യക്തമായി ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ചില ലഹരി വസ്തുക്കൾ തലച്ചോറിന് നല്ലതാണെന്ന വ്യാജ പ്രചാരണത്തിൽ കുടുങ്ങി ചെറുപ്പക്കാർ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാർ ഭാവിയിൽ ഗൗരവസ്വഭാവമുള്ള പെരുമാറ്റ പ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്നതും സാധാരണമാണ്.
മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവാണ് ചികിത്സയ്ക്ക്
തടസം നിൽക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതി. മാനസികാരോഗ്യ ചികിത്സ ലഭിക്കാൻ മെഡിക്കൽ കോളജുകളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽത്തന്നെ പോകേണ്ടി വരുമെന്ന ധാരണയാണ് ഭൂരിപക്ഷം ആളുകൾക്കുമുള്ളത്. എന്നാൽ പല ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ലഭ്യമാണ്. ഇതോടൊപ്പം കേരളത്തിലെ 14 ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി എന്ന സേവനവും ലഭ്യമാണ്. മഹാമാരിയുടെ ലോക്ക് ഡൗൺ നാളുകളിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ദ്ധർ ടെലി കൗൺസിലിംഗ് സംവിധാനം വഴി ലക്ഷക്കണക്കിന് ആളുകൾക്ക് മാനസികാരോഗ്യ പിന്തുണ നൽകിയിട്ടുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സതേടി വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. നാട്ടുകാർ വിഷയം അറിയാതിരിക്കാനും സമൂഹമദ്ധ്യത്തിൽ സ്വന്തം സ്ഥാനം നിലനിറുത്താനും വേണ്ടിയാണ് പലരും ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ദൂരെസഞ്ചാരം ചികിത്സയുടെ തുടർച്ച ഉറപ്പുവരുത്താൻ വിഘാതമായി മാറുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ വളരെ ദൂരസ്ഥലങ്ങളിലേക്ക് ചികിത്സതേടി പോകുന്നതിനു പകരം വീടിനടുത്തുള്ള ചികിത്സാ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തലായിരിക്കും അഭികാമ്യം.


മാനസികാരോഗ്യ പ്രഥമശുശ്രൂഷ:
'മാനസികാരോഗ്യ പ്രഥമശുശ്രൂഷ' എന്ന ആശയം ഇതോടൊപ്പം നാം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രയാസം വന്നാൽ മാനസികാരോഗ്യ പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ഏതൊരു സാധാരണക്കാരനും നടത്താവുന്ന ചില പ്രാഥമിക ഇടപെടലുകളാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ .
നമ്മുടെ വീട്ടിലോ അയൽപക്കത്തെ പരിചിത വലയത്തിൽ എവിടെയെങ്കിലുമോ ഒരാൾക്ക് പെരുമാറ്റ പ്രശ്നങ്ങൾ കണ്ടാൽ നാം എന്താണ് ചെയ്യേണ്ടത്? തീർച്ചയായും പ്രയാസമനുഭവിക്കുന്ന വ്യക്തിയുടെ അടുത്തേക്ക് ചെന്ന് എന്താണ് അയാളുടെ പ്രയാസമെന്ന് സ്‌നേഹപൂർവം അന്വേഷിച്ച് അറിയുക. അയാൾ പറയുന്ന വിഷയങ്ങൾ നാം സ്വകാര്യമായി സൂക്ഷിക്കുമെന്നും അതിന് അർഹിക്കുന്ന ഗൗരവം നൽകുമെന്നും ഉറപ്പു നൽകേണ്ടതുണ്ട്.

അവർ പറയുന്ന കാര്യങ്ങൾ ക്ഷമാപൂർവം അവസാനം വരെ അവരെ തടസപ്പെടുത്താതെ ശ്രദ്ധാപൂർവം കേൾക്കുക. അയാൾക്ക് ആവശ്യമായ ശാസ്ത്രീയ വിവരങ്ങൾ നൽകുക . ചിലപ്പോൾ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലായിരിക്കും അയാൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നത്. ഇത്തരം വേളകളിൽ അയാളുടെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ കൃത്യമായ വിവരങ്ങൾ നൽകുക വഴി അയാളുടെ മാനസികസമ്മർദ്ദത്തെ മാറ്റിയെടുക്കാൻ കഴിയും. ഇത്രയൊക്കെ ചെയ്തിട്ടും അയാളുടെ മാനസിക സമ്മർദ്ദം മാറുന്നില്ലെങ്കിൽ അയാൾക്ക് വിദഗ്ധചികിത്സ ആവശ്യമുണ്ടെന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ തൊട്ടടുത്തുള്ള മാനസികാരോഗ്യ ചികിത്സകനുമായി ബന്ധപ്പെടാൻ അയാളെ പ്രേരിപ്പിക്കുക.

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഒരു വ്യക്തി ഒറ്റപ്പെട്ടു പോകാതിരിക്കാൻ അയാളുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സഹപ്രവർത്തകർക്കും പൊതുസമൂഹത്തിന് മൊത്തത്തിലും വലിയ ഉത്തരവാദിത്തമുണ്ട്.


ഇടപെടാം ആരംഭത്തിൽ തന്നെ
മാനസിക രോഗങ്ങളിൽ 50 ശതമാനവും 14 വയസിനു മുൻപ് ആരംഭിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മനോരോഗങ്ങൾ ഇതിൽ 75 ശതമാനവും 24 വയസിന് മുൻപ് തുടങ്ങുന്നു എന്ന് വ്യക്തമാണ്. ചെറുപ്പത്തിൽത്തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ കൊടുക്കുക വഴി രോഗങ്ങൾ വളരെ
ഭംഗിയായി നിയന്ത്രിക്കാൻ സാധിക്കും. കൃത്യമായ ചികിത്സ ലഭിക്കാത്ത
പക്ഷം അവ തലച്ചോറിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാനും
ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥ സംജാതമാകും കാരണമായേക്കാം.


മഹാമാരിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക പ്രതിസന്ധിയുടെ
സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ തുക മാനസികാരോഗ്യ പരിചരണ മേഖലയ്ക്കായി നീക്കിവെക്കാൻ സാധിക്കണമെന്നില്ല. ഈ പശ്ചാത്തലത്തിലാണ്
സ്വകാര്യമേഖലയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട്
അടക്കമുള്ള സംഗതികൾ മാനസികാരോഗ്യ പരിപാലന മേഖലയ്‌ക്കായി കൂടുതൽ വിനിയോഗിക്കേണ്ടത്. സർക്കാരിതര സാമൂഹിക സംഘടനകൾ അടക്കം മാനസികാരോഗ്യ പരിപാലന മേഖലയിൽ കൂടുതൽ പ്രവർത്തനം നടത്താനുള്ള പ്രോത്സാഹനം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നൽകേണ്ടതുണ്ട്. ദീർഘകാലമായി നീണ്ടുനിൽക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ആവശ്യമായ പുനരധിവാസ കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ഇത്തരത്തിൽ സ്വകാര്യമേഖലയുടെ സഹകരണം തേടാവുന്നതാണ്.
ആവശ്യത്തിന് മാനസികാരോഗ്യ ചികിത്സകരുടെ അപര്യാപ്തതയാണ് നമ്മുടെ നാട് നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി. എന്നാൽ ഇന്ന് സർക്കാർ മേഖലയിലടക്കം ധാരാളം മാനസികാരോഗ്യ വിദഗ്ദ്ധർ സേവനമനുഷ്ഠിക്കുന്നുണ്ട്.
മാനസികാരോഗ്യ വിദഗ്ദ്ധരുടെ തസ്തികകൾ ആശുപത്രികളിൽ ആവശ്യത്തിന് ഇല്ലാത്തതുമൂലം പലരും അത്യാഹിത വിഭാഗങ്ങളിലും മറ്റും ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. എല്ലാ താലൂക്ക് ആശുപത്രികളിലും മാനസികാരോഗ്യ വിദഗ്ധരുടെ തസ്തിക സൃഷ്ടിക്കുകയും ആരോഗ്യമേഖലയിൽ ജനറൽ കേഡറിൽ ജോലി ചെയ്യുന്ന മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്താൽ എല്ലാവർക്കും മാനസികാരോഗ്യം, എന്ന, ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ലക്ഷ്യം അനായാസം കൈവരിക്കാൻ നമുക്ക് സാധിക്കും.

( ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റാണ് )