പ്രഷർ എന്ന് അറിയപ്പെടുന്ന രക്തസമ്മർദ്ദം കൂടിയാൽ മാത്രമല്ല, കുറഞ്ഞാലും പ്രശ്‌നം തന്നെ. മരുന്ന് കഴിച്ച് പ്രഷർ കുറയ്ക്കേണ്ടി വരുന്നതുപോലെ, ചിലപ്പോൾ ചിലർക്കെങ്കിലും പ്രഷർ കൂട്ടേണ്ടതായും വരും.
പലകാരണങ്ങൾ കൊണ്ട് പ്രഷർ കൂടിയവരെപ്പോലെതന്നെ കുറഞ്ഞവരുമുണ്ട്. മരുന്ന് കഴിച്ചത് കാരണം ഹൈപ്പർ ടെൻഷൻ ഉണ്ടായിരുന്നവർക്ക് പ്രഷർ കുറഞ്ഞുപോകാറുണ്ട്. അത് മാത്രമല്ല, പൊതുവെ ഹൈപ്പോടെൻഷൻ എന്ന രോഗമുള്ളവരും നമുക്കിടയിലുണ്ട്. പ്രഷർ കൂടിയ അവസ്ഥയെ ഹൈപ്പർ ടെൻഷനെന്നും കുറഞ്ഞ അവസ്ഥയെ ഹൈപ്പോടെൻഷനെന്നുമാണ് പറയുന്നത്.
സ്‌ഫിഗ്മോമാനോമീറ്റർ ഉപയോഗിച്ച് രക്തസമ്മർദ്ദം പരിശോധിക്കുമ്പോൾ സിസ്റ്റോളിക് പ്രഷർ തൊണ്ണൂറിലോ ഡയസ്റ്റോളിക് പ്രഷർ അറുപതിലോ താഴെയുള്ളവർക്ക് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ഹൈപ്പോടെൻഷനായി പരിഗണിക്കണം. ഒരു ബുദ്ധിമുട്ടുകളുമില്ലാതെയോ അൽപ്പം മാത്രം ബുദ്ധിമുട്ടോടെയോ സുഖമായിരിക്കുന്ന പ്രഷർ കുറഞ്ഞവരെ ഹൈപ്പോടെൻഷന് ചികിത്സിക്കേണ്ടി വരാറില്ല. ബോധക്കേട്, ആശയക്കുഴപ്പം, ക്ഷീണം, വർദ്ധിച്ച നാഡിയിടിപ്പ്, കിതപ്പ് എന്നിവയുള്ളവർക്ക് പെട്ടെന്നുള്ള ചികിത്സയും ആവശ്യമായിവരും. സിസ്റ്റോളിക് പ്രഷർ പെട്ടെന്ന് 90 ന് താഴേക്ക് വരികയോ ഡയസ്റ്റൊളിക് പ്രഷർ 60ന് താഴേക്ക് വരികയോ ചെയ്യുന്നത് അപകടകരമാണ്. രണ്ടിലേതെങ്കിലുമൊന്ന് സംഭവിക്കുന്നതും അപകടകരമായിത്തന്നെ കാണണം.
ലക്ഷണങ്ങൾ
പ്രഷർ കുറയുന്ന പലർക്കും ലക്ഷണങ്ങളായി തലകറക്കം,ഓക്കാനം, ഊർജസ്വലത ഇല്ലായ്‌മ, സുഖമില്ലെന്ന തോന്നൽ, ചിന്താക്കുഴപ്പം, തലയ്‌ക്ക് ഭാരം കുറഞ്ഞതുപോലെ തോന്നുക,തണുപ്പ് അനുഭവപ്പെടുക, ശ്വാസോച്ഛ്വാസത്തിന്റെ വേഗത വർദ്ധിക്കുക, കാഴ്ച മങ്ങുക, നെഞ്ചുവേദന എന്നിവയും കാണാം.
എല്ലാവർക്കും ഇത്തരം ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ പെട്ടെന്ന് ബി.പി കുറയുന്നവരിൽ ലക്ഷണങ്ങൾ തിരിച്ചറിയാനാകും. പ്രഷർ കുറയുന്നതിനനുസരിച്ച് മസ്‌തിഷ്‌കത്തിനുണ്ടാകുന്ന കുഴപ്പങ്ങൾ വർദ്ധിച്ചുവരും.
വൈകാരിക സമ്മർദ്ദം, വേദന, ഭയം, സുരക്ഷിതമല്ലെന്ന വിചാരം, നിർജ്ജലീകരണം, ചൂടിനോടുള്ള ശാരീരിക പ്രതികരണം എന്നിവയെ അത്തരം ലക്ഷണങ്ങളായി കാണാവുന്നതാണ്.
കാരണങ്ങൾ
രക്തദാനം, ആന്തരിക രക്തസ്രാവമുണ്ടാകുന്ന അൾസറും റോഡപകടങ്ങളും, വീഴ്‌ചകളും താഴ്‌ചയുള്ള മുറിവുകൾ, ഗർഭാവസ്ഥ, അമിതരക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകൾ, മൂത്രം വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഡയൂറെറ്റിക്‌സ് വിഭാഗത്തിലെ മരുന്നുകൾ, വിഷാദരോഗത്തിനും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ചില മരുന്നുകൾ, ചില മരുന്നുകളോടും രാസസംയുക്തങ്ങളോടുമുള്ള അലർജി, ചിലതരം അണുബാധകൾ, ഹൃദ്രോഗം, പാർക്കിൻസോണിസം, രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്, ദീർഘനാളായി കിടപ്പിലായിരിക്കുന്ന അവസ്ഥ തുടങ്ങിയവയാണ് ഹൈപ്പോടെൻഷന്റെ കാരണമെന്ന് പറയാം.
പരിഹാരം
ഹൈപ്പോടെൻഷന്റെ കാരണങ്ങളിൽ നിന്നുതന്നെ അത് പരിഹരിക്കലാണ് അതിന്റെ ചികിത്സയെന്ന് മനസിലാകുമല്ലോ. അതത് കാരണങ്ങളെ അതിന്റെ ചികിത്സകൊണ്ടുതന്നെ പരിഹരിക്കേണ്ടതുണ്ട്.
ഹൈപ്പോടെൻഷനുള്ളയാളിന്റെ ബ്ലഡ്ഷുഗർ പരിശോധിച്ച് അത് നോർമലിനേക്കാൾ കുറഞ്ഞോ കൂടിയോ പോയിട്ടുണ്ടോ എന്ന കാര്യം മനസിലാക്കണം.രക്തത്തിൽ ഹീമോഗ്ലോബിൻ പരിശോധിച്ച് വിളർച്ചരോഗം വർദ്ധിച്ചിട്ടുണ്ടോ എന്നും നോക്കണം. ഇ.സി.ജി പരിശോധനയിലൂടെ ഹൃദയത്തിന്റെ പ്രവർത്തനവൈകല്യമാണോ ഹൈപ്പോടെൻഷന് കാരണമായതെന്നും മനസിലാക്കേണ്ടതുണ്ട്. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കാരണമാണ് ഹൈപ്പോടെൻഷൻ ഉണ്ടായിട്ടുള്ളതെങ്കിൽ ആ മരുന്ന് താൽക്കാലികമായെങ്കിലും നിർത്തുകയോ ഡോസ് കുറയ്‌ക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ, ഡോക്‌ടറുടെ നിർദ്ദേശമില്ലാതെ സ്വയം തീരുമാനിക്കാവുന്ന ഒരു കാര്യമല്ല ഇതെന്ന് അറിയണം.
ഉപ്പ് അധികം അരുത്
എന്ത് കാരണം കൊണ്ടാണ് ഹൈപ്പോടെൻഷൻ ഉണ്ടായതെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് ഉപ്പ് ഉപയോഗിക്കുക. പ്രഷർ കുറഞ്ഞവരിൽ അതിശയകരമായ വിധത്തിൽ ഉപ്പ് രക്തസമ്മർദ്ദത്തെ വർദ്ധിപ്പിക്കുന്നു. അതിനാൽതന്നെ പ്രായമായവരിൽ ഇത് ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം.
ധാരാളം വെള്ളം കുടിച്ചാൽ നിർജ്ജലീകരണം മാറുകയും രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നതിലൂടെ ഹൈപ്പോടെൻഷൻ പരിഹരിക്കപ്പെടും. രക്തക്കുഴലുകൾ വികസിക്കുന്നത് തടയുന്ന വിധമുള്ള മരുന്നുകളും ബ്ലഡ് വോളിയം വർദ്ധിപ്പിക്കുന്ന മരുന്നുകളും ഹൈപ്പോടെൻഷൻ ശരിയാകുന്നതിന് സഹായിക്കും.
ഹൈപ്പോടെൻഷൻ പരിഹരിക്കുന്നതിന് വെള്ളം കുടിക്കുന്നത് സഹായകമാകുന്നത് പോലെ അതിനെതിരായ സാഹചര്യമുണ്ടാക്കി ഹൈപ്പോടെൻഷൻ വീണ്ടും വർദ്ധിക്കുന്നതിന് മദ്യത്തിന്റെ ഉപയോഗം കാരണമായേക്കാം. ഇടയ്‌ക്കിടെ ഭക്ഷണം കഴിച്ചും ഹൈപ്പോടെൻഷൻ പരിഹരിക്കാം. ഉരുളക്കിഴങ്ങ്, ചോറ്, ബ്രെഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്. പെട്ടെന്നുള്ള ഉന്മേഷത്തിന് സ്ട്രോംഗ് ആയി ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കുന്നത് ഗുണം ചെയ്യും. എന്നാൽ അധികമായാൽ അതും നിർജ്ജലീകരണമുണ്ടാക്കി രക്തസമ്മർദ്ദം കുറച്ചു കളയും.
വ്യായാമവും
ഭക്ഷണവും
വ്യായാമം നിയന്ത്രണത്തോടെ ശീലിക്കുന്നവർക്ക് ഹൈപ്പോടെൻഷൻ പരിഹരിക്കാനാകും. ശരിയായ പോഷണമുള്ള ഭക്ഷണം ആവശ്യമനുസരിച്ച് കഴിക്കുന്നതും രക്തസമ്മർദ്ദം കുറയുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന കാര്യമാണ്.
കിടക്കയിൽനിന്ന് എഴുന്നേറ്റിരിക്കുന്നതും അവിടെ നിന്നെഴുന്നേറ്റു നടക്കുന്നതും സാവകാശത്തിലാക്കുന്നതാണ് നല്ലത്.
കൂടുതൽ സമയം നിൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കുക. പെട്ടെന്ന് ശരീരം മുന്നോട്ടു വളക്കുകയോ പോസിഷൻ മാറ്റുകയോ ചെയ്യരുത്.
രാത്രിയിൽ കോഫിയോ ചായയോ കുടിക്കരുത്. നിർജ്ജലീകരണമുണ്ടാക്കും വിധമുള്ള മദ്യപാനം ഒഴിവാക്കുക.
മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് ഇത്തരം രോഗങ്ങൾ ഒഴിവാക്കാൻ നല്ലത്. ശരിയായ ആരോഗ്യാവസ്ഥയുള്ളപ്പോൾ മാത്രമേ ഓരോ അവയവങ്ങൾക്കും അവയുടെ ശരിയായ കൃത്യനിർവഹണം നടത്താനാകു. ദീർഘകാലം ചെയ്യേണ്ടിവരുന്ന പല ചികിത്സയും ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന കാര്യം കൂടി മനസിലാക്കണം. അസുഖം വന്നാൽ ചികിത്സിക്കാതിരിക്കാനാകില്ല. അതിനാൽ അസുഖം വരാതെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.