ഹാപ്പി വെഡിംഗിലെ ടീന എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റിസിലെ ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ സിനിമകളിലും ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. ഹലാൽ ലവ് സ്റ്റോറിയിലെ പ്രകടനം കണ്ട് നടിമാരിലെ ‘ഉർവശി’ എന്നാണ് നടി പാർവതി ഗ്രേസിനെ വിശേഷിപ്പിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിലും സജീവമായ ഗ്രേസിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഏകദേശം രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു വള്ളത്തിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റിച്ചാർഡ് ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയത്. കമീല ബൗട്ടിക്കാണ് കോസ്റ്റ്യൂം.
തൂവെള്ള നിറത്തിൽ ലേസ് നെറ്റ് ഡ്രസ് ധരിച്ച് ഈറനോടെ വെള്ളത്തിലും വള്ളത്തിലും കിടന്നുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം നിറക്കുന്നത്. കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ, സിമ്പളി സൗമ്യ എന്നിവയാണ് ഗ്രേസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.