മുംബയ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരിപ്പാർട്ടി കേസിൽ കൺട്രോൾ ബ്യൂറോക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കേസിൽ അറസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ മൂന്നുപേരെ വിട്ടയച്ചെന്നും ഇതിലൊരാൾ
ബി.ജെ.പി നേതാവ് മോഹിത് കംബോജിന്റെ ഭാര്യ സഹോദരൻ റിഷഭ് സച്ച്‌ദേവാണെന്നും മാലിക് പറഞ്ഞു.
മുംബയ് യുവമോർച്ചയുടെ മുൻ അദ്ധ്യക്ഷനാണ് മോഹിത്. പ്രതിക് ഗാബ, അമിർ ഫർണീച്ചർവാല എന്നിവരെയും വിട്ടയച്ചു.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അറസ്റ്റിലായവരെക്കുറിച്ച്
അവ്യക്തമായ പ്രസ്താവനകളാണ് നടത്തിയത്. എട്ട് മുതൽ 10 വരെ ആളുകളെ പിടികൂടിയെന്നാണ് സമീർ പറഞ്ഞിരുന്നത്. എന്നാൽ 11 പേരെയാണ് പിടികൂടിയത്. നേരം പുലർന്നപ്പോൾ പിടികൂടിയവരുടെ എണ്ണം എട്ടായി. സത്യം വെളിപ്പെടുത്താൻ എൻ.സി.ബി തയ്യാറാകണം. സമീറും ബി.ജെ.പി നേതാക്കളും തമ്മിൽ സംഭാഷണം നടന്നെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിൽ പിടികൂടിയവരുടെ ദൃശ്യങ്ങളും മാലിക് പുറത്തുവിട്ടു.
മുംബയ് പൊലീസിന്റെ ആന്റി നാർകോട്ടിക് സെൽ ഇതിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതും. ആവശ്യമെങ്കിൽ, റെയ്ഡിനെ കുറിച്ച് അന്വേഷിക്കുന്നതിന് കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ റെയ്ഡാണ് നടന്നിട്ടുള്ളത്. ആര്യനിൽ നിന്ന് എൻ.സി.ബിക്ക് ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പ്രതികും അമീറും ക്ഷണിച്ചത് പ്രകാരമാണ് ആര്യൻ കപ്പലിലെത്തിയത്. ആര്യനെ തന്ത്രപൂർവം അവിടെ എത്തിക്കുകയായിരുന്നുവെന്നും നവാബ് ആരോപിച്ചു.
ഇംതിയാസ് ഖത്രിയുടെ വസതിയിൽ പരിശോധന
അതേസമയം, കേസുമായി ബന്ധപ്പെട്ട് വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഇംത്യാസ് ഖത്രിയുടെ വീട്ടിലും ബാന്ദ്രയിലെ ഓഫീസ് കെട്ടിടത്തിലും നാർക്കോട്ടിക്സ് ബ്യൂറോ പരിശോധന നടത്തി. അചിത് കുമാറിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. നേരത്തെ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലും ഖത്രിയുടെ പേര് ഉയർന്നു കേട്ടിരുന്നു.
വി.വി.ഐ.പി യൂണിവേഴ്‌സൽ എന്റർടെയ്ൻമെന്റ് കമ്പനി എന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഉടമയാണ് ഖത്രി.ഐ.എൻ.കെ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ട്. ബോളിവുഡിലെ നിരവധി താരങ്ങളുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഖത്രിയ്ക്ക് ലഹരി മരുന്ന് വിതരണത്തിൽ നിർണായക പങ്കുണ്ടെന്നാണ് കരുതുന്നത്. ഖത്രിയോട് നേരിട്ട് ഹാജരാകാൻ നാർകോട്ടിക്സ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.
Ads by