മുംബയ്: ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റെയ്ഡ് സമയത്ത് എൻ.സി.ബി ഓഫിസിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകൻ മനു ഭാനുശാലി.മഹാരാഷ്ട്രയ്ക്കു പുറത്തുള്ള ഒരു സുഹൃത്തിൽ നിന്നാണ് ആഡംബര കപ്പലിലെ ലഹരിപ്പാർടിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഇക്കാര്യം കേന്ദ്ര ഏജൻസികളെ അറിയിക്കുകയായിരുന്നുവെന്നും ഭാനുശാലി പറഞ്ഞു.
രാജ്യത്തെ യുവതലമുറയെ ലഹരിവിപത്തിൽ നിന്നു രക്ഷിക്കണമെന്നു മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. പാർട്ടിയിൽ ആര്യൻ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഇതെല്ലാം സംബന്ധിച്ചുള്ള തെളിവുകൾ വാട്‌സാപ് ചാറ്റുകളിലുണ്ട്. അന്വേഷണം വന്നാൽ ഇതു ഹാജരാക്കും. ലഹരിക്കേസിലെ അറസ്റ്റുമായി ബി.ജെ.പിയ്ക്ക് യാതൊരു ബന്ധവുമില്ല. സംരക്ഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്നും ഭാനുശാലി പറഞ്ഞു.