bpcl

കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവിൽ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം വിജയച്ചിറകേറിയപ്പോൾ, അത് സർക്കാരിന് സമ്മാനിക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. കൊവിഡും സമ്പദ്ഞെരുക്കവും മൂലം മന്ദഗതിയിലായ പൊതുമേഖലാ ഓഹരി വില്പന കൂടുതൽ ഉഷാറാകാൻ 'എയർ ഇന്ത്യ വില്പന" സർക്കാരിനെ സഹായിക്കും.

പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം (2021-22) കേന്ദ്രത്തിന്റെ ലക്ഷ്യം 1.75 ലക്ഷം കോടി രൂപയാണ്. 9,111 കോടി രൂപയേ ഇതുവരെ (ഏപ്രിൽ-സെപ്‌തംബർ) സമാഹരിച്ചിട്ടുള്ളൂ. ഇതിനുപുറമേ എയർ ഇന്ത്യയെ വിറ്റവകയിൽ ടാറ്റയിൽ നിന്ന് 2,700 കോടി രൂപ ലഭിക്കും. രണ്ടാംപകുതിയിൽ (ഒക്‌ടോബർ-മാർച്ച്) സർക്കാരിന് മുന്നിലുള്ളത് 1.74 ലക്ഷം കോടി രൂപയെന്ന ഭീമൻ ലക്ഷ്യം.

എന്നാൽ, എയർ ഇന്ത്യയുടെ വില്പനവിജയം നിക്ഷേപലോകത്തിനും ഊർജമായിട്ടുണ്ടെന്നും നടപ്പുവർഷത്തെ സമാഹരണം ലക്ഷ്യം കാണുമെന്നും സർക്കാർ കരുതുന്നു. പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ (ഭാരത് പെട്രോളിയം കോർപ്പറേഷൻ) സ്വകാര്യവത്കരണമാണ് കേന്ദ്രത്തിന്റെ അടുത്ത മുഖ്യലക്ഷ്യം. ബി.പി.സി.എൽ., ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, പവൻ ഹാൻസ്, സെൻട്രൽ ഇലക്‌ട്രോണിക്‌സ്, നീലാചൽ ഇസ്‌പത് നിഗം, ബെമൽ, സെയിലിന്റെ രണ്ട് യൂണിറ്റുകൾ എന്നിവയുടെ ഓഹരി വില്പന രണ്ടാംഘട്ട നടപടിയിലാണ്.

ഐ.ഡി.ബി.ഐ ബാങ്ക്, എച്ച്.എൽ.എൽ ലൈഫ് കെയർ, കോൺകോർ എന്നിങ്ങനെ ഏതാനും കമ്പനികളുടെ ഓഹരി വില്പനയ്ക്കുള്ള താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയും (ഐ.പി.ഒ) ഈവർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

സ്വകാര്യപാതയിലേക്ക്

ഭാരത് പെട്രോളിയം

52.98 ശതമാനമാണ് ബി.പി.സി.എല്ലിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതു മുഴുവൻ വിറ്റഴിച്ച് കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ രണ്ടാംഘട്ടത്തിലാണ്.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി ഓട്ടോമാറ്റിക് മാർഗത്തിലൂടെ പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. നുമാലിഗഢിലെ ഓഹരികൾ ഓയിൽ ഇന്ത്യയ്ക്ക് ബി.പി.സി.എൽ വിറ്റഴിച്ചു.

 പുതിയ ഉടമയ്ക്ക് ഇന്ത്യൻ റിഫൈനറി ശേഷിയുടെ 15.33 ശതമാനവും ഇന്ധന വിപണിയുടെ 22 ശതമാനവും ബി.പി.സി.എല്ലിനെ വാങ്ങുന്നതിലൂടെ സ്വന്തമാകും.

 18,652 പെട്രോൾ പമ്പുകളും 6,166 എൽ.പി.ജി വിതരണ ഏജൻസികളും 61 വ്യോമ ഇന്ധന സ്‌റ്റേഷനുകളും ബി.പി.സി.എല്ലിനുണ്ട്.

 99,139 കോടി രൂപയാണ് ബി.പി.സി.എല്ലിന്റെ മൊത്തം ഓഹരിമൂല്യം. ഇപ്പോൾ ഓഹരി വില്പന നടന്നാൽ സർക്കാരിന് 50,000 കോടി രൂപയ്ക്കുമേൽ ലഭിക്കും.

എൽ.ഐ.സി ഐ.പി.ഒ

നടപ്പുവർഷത്തെ പൊതുമേഖലാ ഓഹരി വില്പനയിൽ സർക്കാർ ഏറെ പ്രതീക്ഷവയ്ക്കുന്നതാണ് എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ). കമ്പനിയെ അഞ്ചുമുതൽ 10 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ച് ഓഹരി വിപണിയിൽ എത്തിക്കാനാണ് ശ്രമം. ഇതുവഴി കുറഞ്ഞത് ഒരുലക്ഷം കോടി രൂപ ലഭിച്ചേക്കും.