sa

കോഴിക്കോട്: വനിതാ കമ്മിഷന്റെ അധികാരപരിധി വർദ്ധിപ്പിക്കാൻ നിയമ ഭേദഗതി അനിവാര്യമാണെന്ന് അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ളബിന്റെ 'മീറ്റ് ദ പ്രസ്" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കാൽനൂറ്റാണ്ട് മുമ്പുണ്ടാക്കിയ നിയമമാണ് പിന്തുടരുന്നത്.

വനിതാ കമ്മിഷൻ നോട്ടീസയച്ചാൽ എതിർകക്ഷികൾ ഹാജരാവാത്ത സ്ഥിതിയാണ്. പൊലീസും നിർദ്ദേശങ്ങൾ അവഗണിക്കുന്നു. ഇത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പരാതികളിൽ രാഷ്ട്രീയമോ മതമോ നോക്കാതെ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും.

തെക്ക് മാത്രമല്ല വടക്കൻ കേരളത്തിലും സ്ത്രീധന പ്രശ്നങ്ങൾ കൂടിവരികയാണ്. തൊഴിലിടങ്ങളിൽ വനിതകൾ പ്രശ്നങ്ങൾ നേരിടുമ്പോൾ യൂണിയൻ ഒപ്പം നിന്ന് ധാർമ്മിക പിന്തുണ നൽകണം. പ്രണയത്തിൽ പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമോത്സുകത കാണിക്കുന്നു. ഇതിൽ മാദ്ധ്യമങ്ങൾക്ക് നല്ല ഇടപെടൽ നടത്താനാകും. മാദ്ധ്യമങ്ങളിൽ സ്ത്രീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്ന മർഗരേഖയുടെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്ക് ശില്പശാല നടത്തി ചർച്ച ചെയ്തശേഷം അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും സതീദേവി പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.