റിയാദ്: സൗദിയിൽ വിമാനത്താവളത്തിന് നേരേ ഹൂതി വിമതരുടെ ആക്രമണം. സൗദിയിലെ ജിസാൻ കിംഗ് അബ്ദുല്ല വിമാനത്താവളത്തിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 10 സിവിലിയൻമാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർ സൗദി പൗരന്മാരും മൂന്നു പേർ വിമാനത്താവള ജീവനക്കാരായ ബംഗ്ലാദേശികളും ഒരാൾ സുഡാനി പൗരനുമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിന്റെ ആഘാതത്തിൽ വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു. ഇറാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഹൂതി വിമതർ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് സിവിലിയൻമാരെയും സിവിലിയിൻ കേന്ദ്രങ്ങളെയും ആക്രമിക്കുന്ന ഹൂതികൾ ഇതിലൂടെ യുദ്ധക്കുറ്റമാണ് ഹൂതികൾ ചെയ്തിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഹൂതികൾ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ തൊടുത്തുവിട്ടിരുന്നു. ഡ്രോൺ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് സൗദി സഖ്യസേന തകർത്തിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ അയക്കാൻ ഉപയോഗിച്ച ഹൂതികളുടെ സൈനിക കേന്ദ്രം സൗദി സഖ്യസേന തകർത്തു. ഇതു കൂടാതെ യെമൻ പ്രവിശ്യയായ ഹുദെയ്ദയിൽ മൂന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകളും സഖ്യസേന നശിപ്പിച്ചു.