മുംബയ്: മഹാരാഷ്ട്രയിൽ മുംബയ് - ലക്നൗ പുഷ്പക് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിച്ച എട്ടംഗ കവർച്ചാസംഘം സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കവർച്ച തടയാൻ ശ്രമിച്ച ആറ് യാത്രക്കാരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു.
മഹാരാഷ്ട്രയിലെ ഇഗത്പുരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആയുധധാരികളായ എട്ടംഗ സംഘം യാത്രക്കാരെന്ന വ്യാജേന സ്ലീപ്പർ കോച്ചുകളിൽ കയറുകയായിരുന്നു. രാത്രിയിൽ സ്ലീപ്പർ ക്ലാസിൽ യാത്രക്കാരെല്ലാം ഉറക്കമായിരിക്കുമെന്നത് മുൻകൂട്ടി കണ്ടായിരുന്നു കൊള്ളസംഘത്തിന്റെ വരവ്.
ട്രയിൻ യാത്ര തുടർന്നതോടെ ഇവർ യാത്രക്കാരെ കൊള്ളയടിക്കാൻ തുടങ്ങി. ചെറുത്തുനിൽക്കാൻ ശ്രമിച്ചവരെ ആക്രമിച്ചു. ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവർച്ചാസംഘം കൂട്ടമാനഭംഗത്തിനിരയാക്കി.
യാത്രക്കാർ ഉറക്കെ ബഹളം വെച്ചതോടെ റെയിൽവേ പൊലീസ് കോച്ചിലേക്ക് ഓടിവന്നു. നാല് പ്രതികളെ ട്രെയിനിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട ബാക്കി നാല് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. അറസ്റ്റിലായ പ്രതികളിൽ നിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെടുത്തിട്ടുണ്ട്. കവർച്ചാക്കേസിന് പുറമേ മാനഭംഗക്കേസും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.