കുവൈറ്റ് സിറ്റി : 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാൻ ബിരുദം വേണമെന്ന നിബന്ധന പിൻവലിച്ചെങ്കിലും ഈ ആനുകൂല്യം നാട്ടിലേക്ക് തിരിച്ചു പോയവർക്ക് ലഭിക്കില്ലെന്ന് കുവൈറ്റ്. ബിരുദ യോഗ്യത ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കി നല്കില്ലെന്ന നിയമം ഈ വർഷം ജനുവരിയിൽ നിലവിൽ വന്നതിന് ശേഷം വിസ പുതുക്കാനാവാതെ നാട്ടിൽ പോയവരുടെ വിസ കാലാവധി ഇപ്പോഴുമുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കും. പഴയ നിബന്ധന കാരണം വിസ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയ നിരവധി പേർക്ക് ആനുകൂല്യം നഷ്ടമാകും. അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളിൽ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം കുവൈറ്റ് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാൻപവർ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടായിരുന്നു ഫത്വ ആന്റ് ലെജിസ്ലേഷൻ കമ്മിറ്റി നിയമം റദ്ദാക്കിയത്.
വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റി ഡയരക്ടർക്ക് അധികാരമില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസയുടെ കാലാവധി കഴിഞ്ഞാൽ അവ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. നിയമത്തിനെതിരേ പ്രതിഷേധം ശക്തമായപ്പോൾ 2000 ദിനാർ ഫീസ് ഏർപ്പെടുത്തിയും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയും വിസ പുതുക്കാൻ 60 കഴിഞ്ഞവർക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ നിലവിൽ ഈ നിബന്ധന പൂർണമായും റദ്ദാക്കിയിരിക്കുകയാണ്.