മോൺട്രിയാൽ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വൈദികന്റെ ഭൗതികാവശിഷ്ടങ്ങൾ പള്ളിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കാനഡയിലെ മോൺട്രിയാലിലെ കഹനാവേക്കിലെ കത്തോലിക്ക പള്ളിക്ക് മുന്നിലാണ് മാസങ്ങളായി ഞായറാഴ്ചകളിൽ സ്ത്രീകൾ പ്രതിഷേധം നടത്തി വരുന്നത്. ഈ പള്ളിയിൽ അടക്കം ചെയ്തിരിക്കുന്ന ഒരു വൈദികൻ തങ്ങളുടെ ഗോത്രവർഗത്തിൽപ്പെട്ട നിരവധി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പള്ളിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും അവശിഷ്ടങ്ങൾ ഇവിടെ നിന്ന് പുറത്തു കൊണ്ടുപോയി മറ്റെവിടെയെങ്കിലും അടക്കണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടികളായിരിക്കേ വൈദികൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. 1999ലാണ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ലൈംഗികാരോപണം നേരിടുന്ന ഫാദർ ലിയോൺ ലജോയിയെ അടക്കം ചെയ്തത്. പത്താം വയസ്സു മുതൽ വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് പട്രീഷ്യ എന്ന യുവതി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം ഇരുപതോളം സ്ത്രീകളാണ് വൈദികനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

1990കൾ വരെ കാനഡയിലെ ഗോത്രവർഗ വിഭാഗങ്ങൾക്കായി കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന റെഡിസൻഷ്യൽ സ്‌കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികപീഡനം രൂക്ഷമായിരുന്നുവെന്നാണ് ഗോത്രവർഗ സംഘടനകളും അന്വേഷണ ഏജൻസികളും പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇങ്ങനെ മരിച്ച ആയിരക്കണക്കിനു കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കാനഡയിലെ കത്തോലിക്കാ മെത്രാൻ സമിതി ഗോത്ര വർഗവിഭാഗങ്ങളോടു മാപ്പ് പറഞ്ഞിരുന്നു. അതേ സമയം ഫ്രാൻസിസ് മാർപാപ്പ വിഷയത്തിൽ പ്രതികരിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ഗോത്രവിഭാഗക്കാരുടെ ആവശ്യം.