ഐ.പി.എൽ പ്ളേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം,ആദ്യ ക്വാളിഫയറിൽ ഇന്ന് ഡൽഹി- ചെന്നൈ പോര്
നാളെ എലിമിനേറ്ററിൽ ബാംഗ്ളൂരും കൊൽക്കത്തയും, ബുധനാഴ്ച രണ്ടാം ക്വാളിഫയർ,ഫൈനൽ വെള്ളിയാഴ്ച
ദുബായ് : ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ഇനി പ്ളേ ഓഫ് റൗണ്ടിന്റെ ചൂടിലേക്ക്. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിലെത്തിയ ഡൽഹി ക്യാപിറ്റൽസ്,ചെന്നൈ സൂപ്പർ കിംഗ്സ്,റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് പ്ളേ ഓഫിലേക്ക് യോഗ്യത നേടിയത്.
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള ആദ്യ ക്വാളിഫയർ,മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയവർ തമ്മിലുള്ള എലിമിനേറ്റർ, ആദ്യ ക്വാളിഫയറിൽ തോറ്റവരും എലിമിനേറ്ററിൽ ജയിച്ചവരും തമ്മിലുള്ള രണ്ടാം ക്വാളിഫയർ, ആദ്യത്തെയും രണ്ടാമത്തെയും ക്വാളിഫയറിലെ വിജയികൾ തമ്മിലുള്ള ഫൈനൽ എന്നിങ്ങനെയാണ് പ്ളേഓഫിലെ മത്സരക്രമം.
ഇന്ന് രാത്രി 7.30 മുതൽ ദുബായ്‌യിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഏറ്റുമുട്ടുന്നത്. ഇതിലെ വിജയികൾ നേരിട്ട് ഫൈനലിലെത്തും. നാളെ ഷാർജയിലാണ് ആർ.സി.ബിയും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള എലിമിനേറ്റർ. ഇതിൽ തോൽക്കുന്നവർക്ക് മടങ്ങാം.ജയിക്കുന്നവർക്ക് ബുധനാഴ്ച ആദ്യ ക്വാളിഫയറിലെ പരാജിതരോടുള്ള രണ്ടാം ക്വാളിഫയർ എന്ന കടമ്പകൂടി കടന്നാലേ വെള്ളിയാഴ്ചത്തെ ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കൂ.