മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെ പ്രതികളായ മുംബയ് ആഡംബര കപ്പൽ ലഹരി പാർട്ടി കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്‌ഡിന് പിറകെയാണ് എൻസിബിയുടെ ഈ നീക്കം.
ഷാരൂഖിന്റെ ഡ്രൈവർ രാജേഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാൻ എൻസിബി വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ആര്യനും മറ്റ് അറസ്‌റ്റിലായവരും ഒരു ബെൻസ് കാറിലാണ് പാർട്ടി നടക്കുന്നയിടത്തേക്ക് പുറപ്പെട്ടത് എന്നാണ് വിവരം. ഇക്കാര്യങ്ങളിലാണ് ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന.
മുംബയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കേസിലെ പ്രതികളായ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, പ്രതീക് ഗബ എന്നിവരുൾപ്പടെയുളളവർക്ക് വെളളിയാഴ്‌ച ജാമ്യം നിഷേധിച്ചിരുന്നു.തുടർന്ന് ഇവരെ ആർതർ റോഡ് ജയിലിലേക്കയച്ചു. നടി മൂൺമുൻ ധമേച്ച ഉൾപ്പടെ വനിതകളെ ബയ്‌കുളള വനിതാ ജയിലിലേക്ക് അയച്ചു. പ്രതികളെല്ലാം ജയിലിൽ രണ്ടാഴ്‌ച പ്രത്യേക ക്വാറന്റൈനിലായിരിക്കും.
ലഹരി പാർട്ടി നടക്കുന്നു എന്ന സൂചനയെ തുടർന്നാണ് ഗോവ ആസ്ഥാനമായുളള കോർഡീലിയ ക്രൂയിസ് കപ്പലിൽ എൻസിബി സംഘം കഴിഞ്ഞ ശനിയാഴ്‌ച റെയ്ഡ് നടത്തിയത്. തുടർന്ന് ആര്യൻ ഉൾപ്പടെ 18 പേരാണ് പിടിയിലായത്. കേസിൽ ആര്യനാണ് ഒന്നാം പ്രതി.