ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതും, അണുബാധ, ശരീരത്തിലെ വിഷവസ്തുക്കൾ എന്നിവയെ ഉന്മൂലനം ചെയ്യുന്നതിനും കരൾ പ്രധാനമായ പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. പോഷകഗുണമുള്ള ബ്രോക്കോളി പുഴുങ്ങിയോ സാലഡിൽ ഉൾപ്പെടുത്തിയോ കഴിക്കുന്നത് ഉത്തമം. ഫാറ്റി ലിവർ പ്രശ്നങ്ങൾ തടയുന്നതിനും ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും ബ്രോക്കാളി സഹായിക്കും. ഗ്രീൻടീയിലെ ആന്റിഓക്സിഡന്റ് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗത്തിനും അമിതവണ്ണം അകറ്റാനുമെല്ലാം ഗ്രീൻ ടീ ഫലപ്രദമാണ്. വൈറ്റമിൻ ഇയുടെ കലവറയായ ബദാം കരളിന് മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലതാണ്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വീക്കം തടയാൻ സഹായിക്കുന്നു. ഇത് സിറോസിസിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു. കരൾ ആരോഗ്യത്തിന് വെളുത്തുള്ളി നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിൽ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു.