വാഷിംഗ്ടൺ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നേറ്റം നടത്തി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. റിലയൻസ് ഇൻ‌ഡസ്ട്രിയുടെ ഓഹരികളുടെ വില കുതിച്ചുയർന്നതാണ് അംബാനിയുടെ ആസ്തി വർദ്ധിക്കാൻ കാരണമായത്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച് 106 ബില്യൺ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയത്. 2021 ൽ അദ്ദേഹത്തിന്റെ സമ്പത്തിൽ 23.6 ബില്യൺ ഡോളർ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ് ബ്ലൂംബർഗിന്റേത്. പതിനായിരം കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളവരാണ് ഈ പട്ടികയിൽ ഇടം പിടിക്കുന്നത്. ഫേസ്ബുക്ക് സേവനങ്ങൾ മണിക്കൂറുകളോളം നിശ്ചലമായതിനെ തുടർന്ന് കനത്ത നഷ്ടം നേരിട്ട മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം ബ്ലൂബർഗ് പുറത്തു വിട്ട പട്ടികയിൽ 3ാം സ്ഥാനത്തു നിന്ന് 5ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബ്ലൂബർഗിന്റെ കണക്കനുസരിച്ച് 210 ബില്യൺ ഡോളറിന്റെ ആസ്തിയുമായി എലോൺ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ.