അങ്കാറ: അടുത്ത വർഷത്തോടെ തുർക്കിക്കായി തയ്യാറാക്കുന്ന പുതിയ ഭരണഘടന പൊതുചർച്ചയ്ക്ക് ലഭ്യമാക്കുമെന്നും പുതിയ ഭരണഘടന രാജ്യത്തെ കൂടുതൽ ജനാധിപത്യവത്കരിക്കുമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഉർദുഗാന്റെ നേതൃത്വത്തിലുള്ള എ.കെ പാർട്ടി പുതിയ ഭരണഘടനയുടെ നിർമ്മാണത്തിന് നേതൃത്വം നല്കുന്നത്. പുതിയ ഭരണഘടന നിർമാണം അവസാനഘട്ടത്തിലാണെന്നും വർഷാവസാനത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആദ്യ നാല് ആർട്ടിക്കിൾ സംബന്ധിച്ച് പ്രതിപക്ഷവും ഭരണകക്ഷിയായ എ.കെ പാർട്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ചർച്ചകളിലൂടെ അത് പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും ഉർദുഗാൻ പറഞ്ഞു.

2016 ലെ സൈനിക അട്ടിമറി നീക്കത്തെ പരാജയപ്പെടുത്തിയ ശേഷം 2017 ൽ ജനഹിത പരിശോധന നടത്തി ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുകയും ചെയ്തു. നാലു വർഷങ്ങൾക്ക് ശേഷമാണ് പുതിയ ഭരണഘടനയെന്ന ആശയം ഉർദുഗാൻ മുന്നോട്ട് വച്ചത്.