ബ്രസീലിയ: ലോകത്ത് ആറുലക്ഷം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീൽ മാറി. കൊവിഡ് ശമനമില്ലാതെ തുടരുന്ന രാജ്യത്ത് വെള്ളിയാഴ്ച 615 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,00,425 ആയി. നിലവിൽ അമേരിക്ക മാത്രമാണ് കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീലിന് മുന്നിലുള്ളത്. 7.32 ലക്ഷം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഡെൽറ്റ വകഭേദം ലോകരാജ്യങ്ങളിൽ കൊവിഡ് തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുകൾക്കിടെയാണ് ബ്രസീലിൽ മരണസംഖ്യ 6 ലക്ഷം കടന്നത്. ഒരു മാസമായി ബ്രസീലിൽ പ്രതിദിന മരണനിരക്ക് 500ൽ കൂടുതലാണ്.രാജ്യത്ത് 24 മണിക്കൂറിനിടെ 18,172പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 2.1 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.
ബ്രസീലിൽ ജനസംഖ്യയുടെ 45 ശതമാനം പേർക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിനും നല്കുന്നുണ്ട്.