കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് അദ്ധ്യാപികയുടെ നാല് പവന്റെ സ്വർണമാല തട്ടിയെടുത്ത യുവാവ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ കേസിലെ പ്രതി. റിട്ട.ഹെഡ്മിസ്ട്രസിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അദ്ധ്യാപികയുടെ പരാതിയിൽ കട്ടപ്പന ചെമ്പകപ്പാറ സ്വദേശി മുണ്ടത്താനം ജോയ്സിനെ (29) ഗാന്ധിനഗർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം സ്വദേശിനിയായ പരാതിക്കാരി പതിവായി പ്രേതസ്വപ്നങ്ങൾ കണ്ടിരുന്നു. ഇത് ഒഴിവാക്കുന്നതിന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട
മാന്ത്രികനായ ജോയ്സിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ബാധ ആവാഹിച്ചെടുക്കാൻ അദ്ധ്യാപികയെ ഹോമകുണ്ഡത്തിൽ ഇരുത്തി. തുടർന്ന് പൂജ ആരംഭിക്കുകയായിരുന്നു. പൂജയ്ക്കിടെ സ്വർണമാല ആവശ്യപ്പെടുകയും ശേഷം കണ്ണടയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു.
പൂജയുടെ ഭാഗമായി കൈവശം കരുതിയ കുടത്തിൽ മാല നിക്ഷേപിച്ചെന്ന വ്യജേന കുടം മൂടിക്കെട്ടി. മാലയിട്ട കുടം അഞ്ച്ദിവസത്തിന്
ശേഷമേ തുറക്കാവൂയെന്ന് പറഞ്ഞ് ഇയാൾ പണം വാങ്ങി മടങ്ങുകയായിരുന്നു. മാന്ത്രികനെ വിശ്വസിച്ച അദ്ധ്യാപിക അഞ്ചാം ദിവസം രാവിലെ ഫോണിൽ വിളിച്ച് കുടം തുറക്കാമോയെന്ന് ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനോട് ചോദിച്ചിട്ട് പറയാണെന്ന് പറഞ്ഞ് ഫോൺ വച്ചു. എന്തോ പന്തികേട് തോന്നിയ അദ്ധ്യാപിക കുടം തുറക്കാൻ തീരുമാനിച്ചു. തുറന്നപ്പോൾ അതിൽ കുറെ ഭസ്മം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് അദ്ധ്യാപിക പൊലീസിനോട് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശത്തെ തുടർന്ന്ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കട്ടപ്പന പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. പ്രേതബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇയാൾ രണ്ട് തവണ അദ്ധ്യാപികയുടെ വീട്ടിലെത്തിയിരുന്നു. ഡേവിഡ് ജോൺ എന്ന വ്യാജ ഫേസ് ബുക്ക് പ്രൊഫൈലിലുടെയാണ് അദ്ധ്യാപിക ഇയാളുമായി ബന്ധപ്പെട്ടത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെലോ ആണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പ്രേതബാധ ഒഴിപ്പിക്കലാണ് ഇയാളുടെ പ്രധാന തട്ടിപ്പ്. ഇങ്ങനെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്. പക്ഷേ, നാണക്കേട് ഭയന്ന് പലരും വിവരം പുറത്തുപറയാനോ കേസ് നൽകാനോ തയാറാവുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ തർക്കങ്ങളിൽ ഇടപെട്ട് പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുള്ളതായി അറിവായിട്ടുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ഉദയകുമാർ
എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.