കറാച്ചി : ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക് ക്രിക്കറ്റിന്റെ കഥ കഴിയുമെന്ന് വ്യക്തമാക്കി പപാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും മുൻ താരവുമായ റമീസ് രാജ. ബി.സി.സി.ഐയെയും പി.സി.ബിയെയും താരതമ്യപ്പെടുത്തിയാണ് റമീസ് രാജ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലെ സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചിൽ.
ബി.സി.സി.ഐ വിചാരിച്ചാൽ പി.സി.ബിയുടെ കഥതന്നെ തീരും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബി.സി.സി.ഐയിൽനിന്നാണ്. ഐ.സി.സിയുടെ സാമ്പത്തിക സഹായം കൊണ്ടാണ് പി.സി.ബി മുന്നോട്ടു പോകുന്നത്. എന്നാൽ ഐ.സി.സിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നതാകട്ടെ ഇന്ത്യയിൽ നിന്നും. ഇത് ഏറെ ആശങ്കയുണർത്തുന്ന കാര്യമാണ്. . ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതു വഴി പാക്ക് ക്രിക്കറ്റിനെയും. ഭാവിയിൽ പാകിസ്ഥാനു സഹായം നൽകരുത് എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും റമീസ് രാജ പറഞ്ഞു. .ഐസി.സിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താൻ പി.സി.ബി പുതിയ വഴികൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.