ഔദ്യോഗിക സിം ഫോണിലിട്ട് വിളിച്ചു
പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊല്ലം: ട്രെയിൻ ഇടിച്ച് മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ എസ്.ഐ കവർന്നു. പിന്നീട് അതേ ഫോണിൽ ഔദ്യോഗിക സിം നമ്പർ ഇട്ട് ഉപയോഗിക്കുകയും ചെയ്ത എസ്.ഐയെ അന്വേഷണവിധേയമായി ഡി.ഐ.ജി സസ്പെൻഡ് ചെയ്തു. ചാത്തന്നൂർ എസ്.ഐ ആയ ജ്യോതി സുധാകറാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മൊബൈൽ മോഷണത്തിലെ കഥാനായകൻ.
ഇക്കഴിഞ്ഞ ജൂലായിൽ ജ്യോതി സുധാകർ മംഗലപുരത്ത് എസ്.ഐയായിരിക്കെയാണ് ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശിയുടെ ഫോൺ മോഷ്ടിച്ചത്. വലിയതുറ സ്വദേശിയായ യുവാവ് ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നു. വീട്ടുകാരറിയാതെ യുവതിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ തടഞ്ഞു വയ്ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. മർദ്ദനത്തിനിരയാകുകയും അപമാനിതനാകുകയും ചെയ്ത യുവാവിനെ പിന്നീട് മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയും പോസ്റ്റുമോർട്ടത്തിനുശേഷം ഏറ്റുവാങ്ങുകയും ചെയ്തെങ്കിലും യുവാവിന്റെ മൊബൈൽഫോൺ വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം ഫോൺ കാണാനില്ലെന്ന വിവരവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് യുവാവിന്റെ മൊബൈൽഫോൺ പൊലീസിന് ലഭിച്ചതായി ബന്ധുക്കൾക്ക് മനസിലാക്കാനായി. തുടർന്ന് മൊബൈൽഫോൺ തങ്ങൾക്ക് കിട്ടാത്തതിനെതിരെ പരാതിയുമായി വീട്ടുകാർ തിരുവനന്തപുരം റൂറൽ എസ്.പിയെ സമീപിച്ചു. പ്രധാന തെളിവായ ഫോൺ കാണാതായത് കൂടുതൽ സംശയങ്ങൾക്കിടയാക്കി. യുവാവിന്റെ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഫോൺകോൾ വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണ് എസ്.ഐയുടെ ഔദ്യോഗിക സിം കാർഡ് ഈ ഫോണിലിട്ട് വിളിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയെ പ്രാഥമിക നടപടിയുടെ ഭാഗമായി ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ ഡിവൈ.എസ്.പിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
എസ്.ഐ ആയത് അടുത്തിടെ
ജ്യോതികുമാർ അടുത്തിടെയാണ് എസ്.ഐയായി നിയമിക്കപ്പെട്ടത്. സർവീസിന്റെ തുടക്കത്തിൽ തന്നെ മരിച്ചയാളുടെ മൊബൈൽഫോൺ കവർന്ന എസ്.ഐയുടെ നടപടി പൊലീസ് സേനയ്ക്കാകെ നാണക്കേടിനും അവമതിപ്പിനും കാരണമായിട്ടുണ്ട്. സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുള്ള എസ്.ഐയുടെ വ്യക്തിവിവരങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നും ക്രമസമാധാനപാലനം പോലുള്ള ചുമതലകളിലും സാമ്പത്തിക കാര്യങ്ങൾ പോലുള്ള ചുമതലകളിൽ നിന്നും തുടർന്നും എസ്.ഐയെ മാറ്റി നിർത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ശുപാർശ. മൊബൈൽഫോൺ കവർച്ച ചെയ്തതിന് എസ്.ഐയ്ക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികളും സ്വീകരിക്കും.