tikait

ന്യൂഡൽഹി: ലഖിംപൂരിലെ സംഭവത്തിൽ ബിജെപി പ്രവർത്തകരുടെ മരണത്തെ കുറിച്ച് വിവാദ പരാമർശവുമായി ഭാരതീയ കിസാൻ യൂണിയൻ(ബി‌കെ‌യു) നേതാവ് രാകേഷ് ടിക്കായത്ത്. വാഹനമിടിച്ച് ക‌ർഷകർ മരണമടഞ്ഞ സംഭവത്തിനിടെ രണ്ട് ബിജെപി പ്രവർത്തകർ മരിച്ചതിനെക്കുറിച്ചുള‌ള ടിക്കായത്തിന്റെ പ്രതികരണമാണ് വിവാദമായത്.

'ലഖിംപൂരിൽ കർഷകർക്കു നേരെ കാറ് പാഞ്ഞുകയറി നാല് കർഷകർ മരിച്ച സംഭവത്തിന്റെ പ്രതികരണം മാത്രമാണ് രണ്ട് ബിജെപി പ്രവർത്തകരുടെ മരണം. അത് ഒരു കൊലയല്ല അത് ചെയ്‌തവർ കുറ്റക്കാരുമല്ല.' രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിലിടിച്ച് അപകടമുണ്ടായാൽ രണ്ടുപേർ തമ്മിൽ തല്ലുന്നതുപോലെ ആ സംഭവത്തിന്റെ പ്രതികരണമാണ് കൊലയെന്നാണ് ടിക്കായത്ത് അഭിപ്രായപ്പെട്ടത്.

അതേസമയം സംയുക്ത കിസാൻ മോർച്ച യുപിയിൽ ഒക്‌ടോബർ 18ന് ട്രെയിൻ തടയൽ സമരം നടത്തുമെന്നും ലക്‌നൗവിൽ ഒക്‌ടോബർ 26ന് മഹാപഞ്ചായത്ത് നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഒക്‌ടോബർ 15ന് ദസറ ദിവസം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒക്‌ടോബർ മൂന്നിന് ലഖിംപൂരിലുണ്ടായ സംഭവങ്ങളിൽ കർഷകരും ബിജെപി പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകനുമുൾപ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.