പോത്തൻകോട്: കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കുറിച്ചി സ്വദേശിയായ സുഹൈലാണ് (27) കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒന്നിനാണ് പുതുകുറിച്ചിയിലെ വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ബന്ധുവായ യുവാവിനെ ഇയാൾ മർദ്ദിച്ചത്. തുടർന്ന് ഭാര്യയുടെ വീട്ടിലെത്തിയ സുഹൈൽ, ഭാര്യാപിതാവിനെയും മാതാവിനെയും മർദ്ദിച്ചിരുന്നു. ഭാര്യ പിണങ്ങി പോയതുമായി ബന്ധപ്പെട്ടാണ് ഇയാൾ അക്രമം നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെയാണ് പിടികൂടിയത്. ഇയാൾ മുൻപ് നിരവധി കേസുകളിൽ പ്രതിയായിരുന്നതായി പൊലീസ് അറിയിച്ചു.