തിരുവനന്തപുരം: പേട്ടയിൽ വീട് കുത്തിപ്പൊളിച്ച് ലാപ്‌ടോപ്പും പണവും മോഷ്ടിച്ച കേസിലെയും, പാൽക്കുളങ്ങരയിലെ കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലെയും പ്രതികളെ വഞ്ചിയൂർ പൊലീസ് പിടികൂടി. മുട്ടത്തറ മാണിക്യവിളാകം സ്വദേശികളായ തൗഫിക്ക് (20), റാഷിദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പേട്ട അക്ഷരവീഥി ലെയിനിലെ ഡോ. വിനോദ് ഫെലിക്സിന്റെ വീട്ടിന്റെ വാതിൽ കുത്തിപ്പൊളിച്ച് ലാപ്‌ടോപ്പും മൂവായിരും രൂപയും, പാൽക്കുളങ്ങര സൗഹൃദം സൂപ്പർ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് പണവും സാധനങ്ങളും കവരുകയായിരുന്നു.
അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും, സമാന രീതിയിൽ മോഷണം നടത്തുന്ന മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ, എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ രാകേഷ്,ജോസ്, ടിനു ബർണാഡ്, പ്രഭാത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.