crime

പാറശാല: പളുങ്കൽ നിർമ്മൽ കൃഷ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്ത, ചിട്ടി ഉടമ നിർമ്മലന്റെ ഭൂമി കോടതിയുടെ നേതൃത്വത്തിൽ 12ന് ലേലം ചെയ്യും. നിർമ്മൽ കൃഷ്ണ ചിട്ടിക്കമ്പനിയിലെ പതിനായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി 600 കോടിയിലേറെ രൂപ തട്ടിയെടുത്ത് ഉടമ മുങ്ങി നാല് വർഷം പിന്നിടുമ്പോഴാണ് നടപടി.

വഞ്ചിതരായ നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തിയ നിയമ നടപടികളെ തുടർന്ന് ഉടമ നിർമ്മലനും മറ്റു കൂട്ടുപ്രതികളും പിടിയിലായി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മധുര ഹൈക്കോടതിയിൽ തുടരുന്ന നിയമ പോരാട്ടങ്ങളെ തുടർന്നാണ് ഉടമ നിർമ്മലന്റെയും ബിനാമികളുടെയും പേരിലുണ്ടായിരുന്ന തമിഴ്നാട്ടിലെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കണ്ട് കെട്ടിയ ചെറിയകൊല്ലയിലെ 10.5 ഏക്കർ വസ്തു, മലയടിയിലെ കശുവണ്ടി ഫാക്ടറി ഉൾപ്പെടുന്ന 77 സെന്റ്, പളുകലിലെ 8 സെന്റ് വസ്തു എന്നിവയാണ് ആദ്യഘട്ടമായി 12ന് ലേലം ചെയ്യുന്നത്.

നിർമ്മൽകൃഷ്ണയുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടി ലേലം നടത്താൻ മധുരയിലെ പ്രത്യേക കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ലേല നടപടി.