photo2

പാലോട്: കുളത്തൂപ്പുഴ വനപാലകരുടെ നേതൃത്വത്തിൽ ചിറ്റാർ നോർത്ത് വനമേഖലയിലെ ഉൾവനത്തിൽ വച്ച് കാട്ടുപോത്തിനെ വേട്ടയാടാൻ എത്തിയ വേട്ട സംഘത്തെ പിടികൂടി. വേട്ടയാടാൻ ഉപയോഗിക്കുന്ന കള്ളത്തോക്കും പിടികൂടി.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനപാലക സംഘം ഈ മേഖലയിൽ എത്തിയത്. തുടർന്ന് പുലർച്ചേ നാലു മണിയോടെയാണ് വേട്ട സംഘത്തിലെ ഒരാൾ വനത്തിനുള്ളിൽ നിന്ന് പിടിയിലായത്. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. പിടിയിലായ ആൾ നൽകിയ വിവരമനുസരിച്ച് രണ്ടുപേരെ വീടുകളിൽ പരിശോധന നടത്തിയാണ് പിടികൂടിയത്. ഒരാൾ ഒളിവിലാണ്. ചല്ലിമുക്ക് സ്വദേശികളായ പ്രദീപ്, ഹരി എന്ന് വിളിക്കുന്ന കൊച്ചു മണി, ഷാജി എന്ന് വിളിക്കുന്ന ഷംസുദ്ദീൻ, റിജോമോൻ എന്നിവരാണ് പിടിയിലായത്. ബൈജു എന്നയാളിനെ പിടികൂടാനുണ്ട്.

കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ സെൽവരാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ വിഷ്ണു .എസ്.കുമാർ, സന്തോഷ് കുമാർ, എസ്.എച്ച്.ഒ മാരായ ഷാജി, അതുൽ, വേണുഗോപാൽ, മുഹമ്മദ് ഷാനു ,ജയ,ശർമ്മിളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ക്യാപ്ഷൻ: ചിറ്റാർ വനമേഖലയിൽ വേട്ടയ്ക്കെത്തിയ സംഘത്തെ കുളത്തൂപ്പുഴ വനപാലകരുടെ നേതൃത്വത്തിൽ കള്ളത്തോക്ക് ഉൾപ്പെടെ പിടികൂടിയപ്പോൾ