വാഷിംഗ്ടൺ: 20 വർഷം നീണ്ട സൈനിക നടപടികൾക്ക് ശേഷം ആഗസ്റ്റിൽ സേനാപിന്മാറ്റം പൂർത്തിയാക്കിയതിന് ശേഷം ആദ്യമായി താലിബാൻ നേതൃത്വവുമായി ഔദ്യോഗിക ചർച്ച നടത്താനൊരുങ്ങി യു.എസ്. ദോഹയിൽ ഇരു രാജ്യങ്ങളിലേയും നേതാക്കൾ തമ്മിലുള്ള ചർച്ച നടക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. താലിബാനും യു.എസും 2020 ൽ അംഗീകരിച്ച സമാധാന കരാർ ചർച്ചയിൽ പ്രധാന വിഷയമാവുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിൽ വർദ്ധിച്ചു വരുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യവും ചർച്ചയാകും. സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങൾക്ക് പിന്തുണ നല്കുന്ന സർക്കാർ രൂപീകരിക്കാൻ താലിബാനോട് ആവശ്യപ്പെടുമെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന അഫ്ഗാന് മേലുള്ള ഉപരോധം നീക്കാൻ യു.എസ് നേതൃത്വത്തോട് താലിബാൻ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.
അതേ സമയം അഫ്ഗാനിൽ ഐസിസ് ഭീകരാക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും ഭീകരരെ നേരിടാൻ അമേരിക്കൻ സഹായം തേടില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്ന ഐസിസ് ഭീകരരെ നേരിടാൻ താലിബാന് കഴിയുമെന്നും അതിന് രാജ്യത്തിന് പുറത്ത് നിന്ന് ആരുടേയും സഹായം തേടില്ലെന്നും അവർ അറിയിച്ചു.
അതേ സമയം അഫ്ഗാനിൽ ഷിയ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണത്തെ അപലപിച്ച് അമേരിക്ക. വലിയ ദുരന്തമാണ് സംഭവിച്ചതെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തെ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയും ശക്തമായി അപലപിച്ചു. ചാവേറാക്രമണം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്ന് സുരക്ഷാ കൗൺസിൽവിലയിരുത്തി.
ഭീകരരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും ഭീകരത തുടച്ചുമാറ്റണമെന്നും ഇത്തരം ഭീകര പ്രവർത്തനങ്ങൾ ന്യായീകരിക്കുക സാദ്ധ്യമല്ലന്നും സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.