pma-salam

കോഴിക്കോട്: ഇഷ്ടമുളള കോഴ്‌സുകൾ പഠിക്കണമെന്ന് വിദ്യാർത്ഥികൾ വാശിപിടിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് അപഹാസ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കുട്ടികളോടും രക്ഷിതാക്കളോടുമുള്ള ധിക്കാരമാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക ബാദ്ധ്യത വരുന്നതിനാൽ അധിക ബാച്ചുകൾ ആരംഭിക്കുകയില്ലെന്നാണ് സർക്കാർ പറയുന്നത്. വിദ്യാഭ്യാസമുൾപ്പെടെ ക്ഷേമകാര്യങ്ങൾക്ക് ചെലവാക്കാനല്ലെങ്കിൽ സമ്പത്ത് പിന്നെയെന്ത് ആവശ്യത്തിനാണ് വിനിയോഗിക്കുക.

എസ്.എസ്.എൽ.സിയും ഹയർസെക്കൻഡറിയും നല്ല മാർക്കോടെ പാസായ മലബാർ മേഖലയിലെ വിദ്യാർത്ഥികൾ തുടർപഠനത്തിന് പ്രയാസമനുഭവിക്കുകയാണ്.വലിയ വിവേചനമാണ് മലബാർ മേഖലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്നത്. മലപ്പുറം ജില്ലയിൽ ഇരുപത്തിരണ്ടായിരവും കോഴിക്കോട്ടും പാലക്കാട്ടും പതിനായിരത്തോളവും കുട്ടികൾക്ക് ഇത്തവണ പ്ലസ്ടുവിന് സീറ്റുകൾ ലഭിക്കില്ല. കാസർകോട്ടും കണ്ണൂരും വയനാട്ടിലും ഇതു തന്നെയാണ് സ്ഥിതി. സർക്കാർ സ്‌കൂളുകളിലെ ബാച്ചുകളിൽ പുനർവിന്യാസം നടത്തി മലബാർ ജില്ലകളിലേക്ക് മാറ്റിയാൽ വിവേചനത്തിന് നേരിയ പരിഹാരമുണ്ടാകും.

ഹരിത വിഷയം ലീഗിന്റെ മുന്നിലില്ല. അത് ചർച്ചചെയ്തു കഴിഞ്ഞതാണ്. ഹരിതയുടെ പോരാട്ടത്തിന്റെ ഫലമായല്ല പോഷക സംഘടനകളിൽ വനിതാസംവരണമേർപ്പെടുത്തിയതെന്നും പി.എം.എ സലാം പറഞ്ഞു.