aakkulam

തിരുവനന്തപുരം: പായലും കുളവാഴയും മാലിന്യങ്ങളും നിറഞ്ഞ് പരിതാപകരമായ അവസ്ഥയിലായ ആക്കുളം കായൽ നവീകരണം ഇനിയും നീളുമെന്നാണ് സൂചന. കൊണ്ടുപിടിച്ച പ്രഖ്യാപനങ്ങൾ നടത്തിയിട്ടും പദ്ധതി ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ ജലവിഭവ മന്ത്രി റോഷി അഗസ്‌റ്രിൻ നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ച് ആക്കുളം കായൽ പുനരജ്ജീവന പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷമായിട്ടും ഏറ്റെടുക്കാൻ ഒരു കമ്പനി പോലും മുന്നോട്ട് വന്നിട്ടില്ലെന്നാണ് അറിയുന്നത്. മാസങ്ങൾക്ക് മുമ്പ് പറഞ്ഞ അതേ മറുപടി തന്നെയാണ് മന്ത്രി ഇക്കഴിഞ്ഞ 6ന് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിനും സഭയിൽ നൽകിയത്.

കിഫ്ബി നിശ്ചയിച്ചതിനെക്കാൾ കൂടുതൽ

ആക്കുളം കായൽ നവീകരണത്തിന് 185.23 കോടിയുടെ പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. ആദ്യ ഘട്ടമായി 64.13 കോടിക്ക് കിഫ്ബി അംഗീകാരം നൽകി. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെയാണ് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ)​ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിച്ച് ടൂറിസം പ്രവർത്തനങ്ങൾക്കായുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ടെണ്ടർ വിളിക്കുകയും മൂന്ന് കമ്പനികൾ ടെണ്ടർ സമർപ്പിക്കുകയും ചെയ്തു. ഇതിൽ നിന്ന് ശ്രീ അവന്തികാ കോൺട്രാക്ടേഴ്സ് (ഐ)​ ലിമിറ്റഡ് എന്ന ഏജൻസിയെ തിരഞ്ഞെടുത്തു. എന്നാൽ,​ കിഫ്ബി അംഗീകരിച്ച തുകയെക്കാൾ കൂടുതലായ 185.70 കോടിയാണ് കമ്പനി ടെണ്ടറിൽ ക്വാട്ട് ചെയ്തത്. തുടർന്ന് ജൂലായിൽ കമ്പനിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 183.46 കോടിയായി തുക കുറച്ചു. ഇത് കിഫ്ബി പരിശോധിച്ചെങ്കിലും കൂടുതൽ തുക ക്വാട്ട് ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ കിഫ്ബി കമ്പനിയോട് നിർദ്ദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കേണ്ടത് എസ്,​പി.വി ആയ വാപ്കോസ് ആണ്. അതേസമയം,​ റിപ്പോർട്ട് സമർപ്പിച്ചോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. വാപ്കോസും ഇതേക്കുറിച്ച് മിണ്ടുന്നില്ല. കമ്പനിയെ തിരഞ്ഞെടുത്തത് മാത്രമാണ് മന്ത്രി പറഞ്ഞതിൽ പുതിയ കാര്യമെന്നതും ശ്രദ്ധേയമാണ്.

രൂപരേഖ ബാർട്ടൺ ഹിൽ
എൻജി.കോളേജിന്റേത്

പദ്ധതിയുടെ രൂപരേഖ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് (ടി.പി.എൽ.സി)​ തയ്യാറാക്കിയിരിക്കുന്നത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിലെ മണ്ണ് ഉയർന്നുനിൽക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. കായലിലേക്ക് വന്നുചേരുന്ന തോടുകളായ ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടർ സ്‌പോർട്സ് ഇനങ്ങൾക്ക് പ്രാധാന്യം നൽകിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമാകും.

കൈയേറ്റം വ്യാപകം

210 ഏക്കറിലായാണ് ആക്കുളം കായൽ വ്യാപിച്ചു കിടക്കുന്നത്. ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്നതാണ് ആക്കുളം കായൽ. കായലിന്റെ 50 ശതമാനത്തോളം കൈയേറിയ നിലയിലാണ്. ഇതോടെ കായൽ ഉൾപ്പെടുന്ന പ്രദേശം 31.06 സെന്റായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 സെന്റോളം കൈയേറിയിട്ടുണ്ട്. ഇതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്യും.

പാര,​ ദീർഘകാല

പരിപാലന കരാർ

നവീകരണത്തിന് തയ്യാറാകുന്ന കമ്പനിക്കാണ് അടുത്ത 17 വർഷത്തെ തുടർ പരിപാലനച്ചുമതല. ഇത്രയും ദീർഘകാല വ്യവസ്ഥ ഉള്ളതിനാൽ തന്നെ കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയാണെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. ഡി.ബി.ഒ.ടി (രൂപകൽപന, നിർമ്മാണം, ഓപ്പറേഷൻ ട്രാൻസ്‌ഫർ) എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ച് കനാലുകളെ ആക്കുളം കായലുമായി ലയിപ്പിക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അടുത്ത 15 വർഷത്തേക്കുള്ള പരിപാലനച്ചുമതലയും ഈ കമ്പനിക്ക് തന്നെ ആയിരിക്കും.

ഭൂമി ഏറ്റെടുക്കും

പദ്ധതിയുടെ ഭാഗമായി 26 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ജില്ലാഭരണകൂടത്തിന് സർക്കാർ നേരക്കെ അനുമതി നൽകിയിരുന്നു. ആറ്റിപ്ര,​ ചെറുവയ്ക്കൽ വില്ലേജുകളിൽ നിന്നായാണ് ഇത്രയും ഭൂമി ഏറ്റെടുക്കുക. 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമവും അനുസരിച്ചാണിത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് മാന്യവും അർഹവുമായ നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടറാണ് ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് നഷ്ടപരിഹാര തുകയുടെ അഞ്ച് ശതമാനമോ അല്ലെങ്കിൽ 50 ലക്ഷം രൂപയോ (ഏതാണോ കുറവ്)​ അത് ട്രഷറി സേവിംഗ്സ് ബാങ്കിൽ കെട്ടിവയ്ക്കണം.ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തിനുള്ള ബാക്കി തുക വിതരണം ചെയ്തിരിക്കണം. അല്ലെങ്കിൽ ഏറ്റെടുക്കൽ നടപടികൾ നിറുത്തിവയ്ക്കേണ്ടി വരും.

പദ്ധതി ഒറ്റനോട്ടത്തിൽ

 മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുക

 നിലവിൽ മണ്ണ് ഉയർന്നു കിടക്കുന്ന കായൽ ഭാഗം ഹരിതാഭമായ ചെറു ദ്വീപാക്കി മാറ്റി ജലശുദ്ധീകരണ മാർഗങ്ങൾ ഒരുക്കുക

 കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യൽ

 ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ

 കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക

 ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം

 റെസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ,

മ്യൂസിക്കൽ ഫൗണ്ടൻ

 ബാംബൂ ബ്രിഡ്‌ജ്

 ഗ്രീൻ ബ്രിഡ്‌ജ്

 പരിസ്ഥിതി മതിലുകൾ

 ഇടനാഴികൾ

 കല്ലുകൾ പാകിയ നടപ്പാതകൾ

 സൈക്കിൾ ട്രാക്ക്